ഇടുക്കി: അച്ഛന് നല്‍കിയ വാക്ക് പാലിക്കാനൊരുങ്ങി പെട്ടിമുടി ദുരന്തത്തില്‍ മാതാപിതാക്കളെ നഷ്‌ടപ്പെട്ട ഗോപിക. എംബിബിഎസ് പ്രവേശനം നേടിയതിന് പിന്നാലെയാണ് ഗോപിക അനുഗ്രഹം തേടി അച്ഛന്‍റെയും, അമ്മയുടെയും രാജമലയ്ക്ക് സമീപമുള്ള കല്ലറയിലെത്തിയത്. കല്ലറകളിൽ ചുംബനം നൽകിയ ശേഷം താൻ ജനിച്ചു വളർന്ന ലയങ്ങൾ ഇരുന്ന സ്ഥലത്തുമെത്തി.
സഹോദരി ഹേമലത, ബന്ധു രാജേഷ് കുമാർ എന്നിവർക്കൊപ്പമാണ് ഗോപിക മാതാപിതാക്കളുടെ കല്ലറയിലെത്തിയത്. കളിച്ചു വളർന്ന സ്ഥലവും വീടും വെറും മൺകൂനയായി മാറിയതിന്‍റെ നീറ്റലോടെയായിരുന്നു മടക്കം. പാലക്കാട് ഗവ.മെഡിക്കൽ കോളജിൽ ആണ് ഗോപികയ്‌ക്ക് എംബിബിഎസിന് പ്രവേശനം ലഭിച്ചത്.
2020 ഓഗസറ്റ് ആറിന് ഉണ്ടായ ഉരുള്‍പൊട്ടലില്‍ ഗോപികയുടെ അച്ഛൻ പി.ഗണേശൻ, അമ്മ തങ്കം എന്നിവരുൾപ്പെടെ കുടുംബത്തിലെ 24 പേര്‍ക്കാണ് ജീവന്‍ നഷ്‌ടമായത്. കേരളത്തെ നടുക്കിയ ദുരന്തം നടക്കുമ്പോൾ ഗണേശന്‍റെ സഹോദരിയുടെ മകള്‍ ലേഖയുടെ തിരുവനന്തപുരം പട്ടത്തെ വീട്ടിലായിരുന്നു ഗോപികയും സഹോദരിയും. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജിലെ അവസാന വർഷ ബിഎസ‌്‌സി വിദ്യാർഥിനിയാണ് ഗോപികയുടെ സഹോദരി.