ഇടുക്കി: ആന്ധ്രയിൽ നിന്ന് കേരളത്തിലേയ്ക്ക് ലോറിയിൽ കടത്താൻ ശ്രമിച്ച 1200 കിലോ കഞ്ചാവ് തേനിയിൽ പിടികൂടി. ആന്ധ്രയിൽ നിന്ന് എത്തുന്ന ലോറികളിൽ കഞ്ചാവ് കടത്തുന്നതായി തമിഴ്‌നാട് സ്‌പെഷ്യൽ ബ്രാഞ്ച് പൊലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് തേനി ജില്ലയിലെ ആണ്ടിപ്പട്ടി ചെക്ക് പോസ്റ്റിൽ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്. തമിഴ്‌നാട് രാമനാഥപുരം സ്വദേശികളായ സെൽവരാജ്, ചിന്നച്ചാമി, അബൂബക്കർ സിദ്ദിഖ് എന്നിവരാണ് കേസില്‍ അറസ്റ്റിലായത്.
ലോറിയിൽ ചാക്കുകളിൽ നിറച്ച നിലയിലായിരുന്നു 1200 കിലോ കഞ്ചാവ് കണ്ടെത്തിയത്. കഞ്ചാവ് കേരളത്തിലേക്ക് കടത്തിയതാണെന്ന് പ്രതികള്‍ മൊഴി നൽകി. കഞ്ചാവുമായി കമ്പത്ത് എത്തുമ്പോൾ ഏതുവഴി കേരളത്തിലേക്ക് കടക്കണമെന്ന് അറിയിക്കാമെന്നാണ് കഞ്ചാവ് കൊണ്ടുപോകാൻ ഏർപ്പാടാക്കിയിരുന്നവർ പറഞ്ഞതെന്നും ഇവർ പൊലീസിനോട് പറഞ്ഞു.
വലിയ തോതിൽ കഞ്ചാവ് കടത്തിയതിന് പിന്നിലുള്ളവരെ കണ്ടെത്താൻ പ്രത്യേക സംഘത്തെ തമിഴ്‌നാട് പൊലീസ് ചുമതലപ്പെടുത്തി. പ്രതികളെ തേനി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു.