ഇടുക്കി: കാട്ടിറച്ചിയുണ്ടെന്ന സംശയത്തിന്‍റെ പേരില്‍ വനപാലക സംഘം വീട്ടില്‍ പരിശോധന നടത്തിയതായി ആദിവാസി കുടുംബത്തിന്‍റെ പരാതി. അടിമാലി ചൂരക്കട്ടന്‍ ആദിവാസി കോളനിയിലെ മന്നാന്‍ വിഭാഗത്തില്‍പ്പെട്ട കുടുംബമാണ് ജില്ലാ കലക്‌ടര്‍ക്കും ജില്ലാ പൊലീസ് മേധാവിക്കും പരാതി സമര്‍പ്പിച്ചത്. കാട്ടിറച്ചിയുണ്ടെന്ന പേരില്‍ കുട്ടികളുടെ സ്‌കൂള്‍ ബാഗടക്കം പരിശോധിച്ചുവെന്നും കറിവച്ചിരുന്ന കോഴിയിറച്ചി ഭക്ഷണയോഗ്യമല്ലാതാക്കിയെന്നും പരാതിയില്‍ പറയുന്നു.
ഫെബ്രുവരി ഒൻപതിന് അടിമാലി ചിന്നപ്പാറക്കുടിയിലെ തങ്ങളുടെ വീട്ടില്‍ അഞ്ചംഗ വനപാലക സംഘം പരിശോധനക്കെത്തിയെന്നും ഭീകരാന്തരീക്ഷം സൃഷ്ടിച്ചുവെന്നുമാണ് പരാതി. സംഭവ സമയത്ത് വീട്ടില്‍ സ്ത്രീകള്‍ മാത്രമായിരുന്നു ഉണ്ടായിരുന്നതെന്നും വനിത ഉദ്യോഗസ്ഥരുടെ അഭാവത്തില്‍ സംഘം വീട്ടിനുള്ളില്‍ പരിശോധന നടത്തിയതായും കുടുംബത്തിന് ആക്ഷേപമുണ്ട്.
അതേസമയം പരാതിക്കാരായ കുടുംബത്തിലെ ഒരംഗം മുമ്പ് കാട്ടിറച്ചിയുമായി ബന്ധപ്പെട്ട കേസില്‍ ഉള്‍പ്പെട്ടിട്ടുള്ളതാണെന്നും ഈ കേസുമായി ബന്ധപ്പെട്ടാണ് വീട്ടില്‍ പരിശോധന നടത്തിയതെന്നും വനംവകുപ്പുദ്യോഗസ്ഥര്‍ പറഞ്ഞു. മറ്റ് തരത്തില്‍ പരാതിക്കാര്‍ മുമ്പോട്ട് വയ്ക്കുന്ന ആക്ഷേപങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും വനംവകുപ്പുദ്യോഗസ്ഥര്‍ അറിയിച്ചു.