ഇടുക്കി: എളുപ്പമെന്ന് കരുതുന്ന ഇംഗ്ലീഷ് ഭാഷയിൽ കടിച്ചാൽ പൊട്ടാത്ത ചില വാക്കുകളുണ്ടെന്ന് മലയാളിക്ക് മനസ്സിലാക്കിത്തന്നത് ശശി തരൂർ എം.പിയാണ്. ഈ വാക്കുകൾ ഒറ്റയടിക്ക് പറയാൻ നോക്കിയാൽ നാക്കുളുക്കിയതു തന്നെ. നല്ല പരിശീലനമുണ്ടെങ്കിൽ പോലും അതൊന്ന് നോക്കി വായിക്കാൻ പോലുമാകില്ല. അപ്പോഴാണ് പാറത്തോട് സ്വദേശിയായ ഒരു കൊച്ചു മിടുക്കി തരൂരിന് വെല്ലുവിളിയുമായെത്തുന്നത്.
ഇംഗ്ലീഷ് സ്‌പീക്കീങ്ങ് ഇടുക്കിക്കാരി പാറത്തോട് വള്ളാംപുരയിടത്തിൽ ബിനോയി സിറിയക്കിന്‍റെയും സിനിയുടെയും മകൾ ദിയ ട്രീസ ബിനോയിയാണ് ഇംഗ്ലീഷ് പച്ചവെള്ളമാക്കുന്നത്. ഇംഗ്ലീഷിലെ ഏറ്റവും നീളം കൂടിയ ഏഴു വാക്കുകൾ ഏത് ഉറക്കത്തിലും കാണാതെ പറയും ഈ പത്താംക്ലാസുകാരി. അതും ബ്രിട്ടീഷ് ശൈലിയിൽ തന്നെ. നേരത്തെ കുവൈത്തിലുള്ള ഒരു മലയാളി പെൺകുട്ടി തരൂരിന്‍റെ വെല്ലുവിളി ഏറ്റെടുത്ത് ആറു വലിയ വാക്കുകൾ കാണാതെ പറഞ്ഞിരുന്നു. എന്നാൽ ദിയ ഒന്നും കൂടി കൂട്ടി ഏഴ് വാക്കാണ് കാണാതെ പറയുന്നത്. ഇതിൽ ഏറ്റവും നീളമേറിയ വാക്കിൽ 51 അക്ഷരങ്ങളുണ്ട്. ഇത് സെക്കൻഡുകൾക്കുള്ളിൽ തന്നെ ഒരു അക്ഷരം പോലും തെറ്റാതെ പറയും ദിയ. രാജമുടി ഡിപോൾ പബ്ലിക് സ്‌കൂളിലെ പത്താംക്ലാസ് വിദ്യാർഥിനിയായ ദിയ ശശി തരൂരിന്‍റെ ആരാധിക കൂടിയാണ്. ശശി തരൂർ ഉപയോഗിച്ചിരുന്ന വാക്കുകളുടെ അർഥവും അക്ഷരങ്ങളും തേടി നിരവധി പേരാണ് ഇംഗ്ലീഷ് ഡിക്‌ഷണറികൾ തിരഞ്ഞത്. ഇതോടെയാണ് ദിയയും ഒന്ന് പരീക്ഷിച്ചാലെന്താ എന്ന് ചിന്തിച്ചത്. ഏറ്റവും നീളമേറിയ ഏഴ് ഇംഗ്ലീഷ് വാക്കുകൾ ഗൂഗിളിൽ നിന്ന് കണ്ടെത്തിയത്. പിന്നെ ഒരാഴ്‌ച പരിശീലനം കൂടിയായപ്പോൾ പച്ചവെള്ളം പോലെ കാണാതെ പറയാമെന്നായി.