ഇടുക്കി: നെടുംകണ്ടം കെ.എസ്.ആര്‍.ടി.സി ഓപ്പറേറ്റിംഗ് സെന്‍റിറിന്‍റെ വികസനം പ്രഖ്യാപനങ്ങളില്‍ ഒതുങ്ങിയതായി ആക്ഷേപം. പ്രാരംഭ ഘട്ടത്തില്‍ പഞ്ചായത്തിന്‍റെ നേതൃത്വത്തില്‍ ഒരുക്കി നല്‍കിയ സൗകര്യങ്ങള്‍ക്കപ്പുറം യാതൊരു പ്രവര്‍ത്തനങ്ങളും നടത്തുവാന്‍ വകുപ്പ് തയ്യാറാകുന്നില്ല. ഓപ്പറേറ്റിംഗ് സെന്‍ററില്‍ നിന്നുള്ള വിവിധ ഹ്രസ്വ- ദീര്‍ഘ ദൂര സര്‍വീസുകള്‍ നിര്‍ത്തലാക്കി.
2016ലാണ് നെടുംകണ്ടം കെ.എസ്.ആര്‍.ടി.സി ഓപ്പറേറ്റിംഗ് സെന്‍റര്‍ പ്രവര്‍ത്തനം ആരംഭിച്ചത്. പ്രാരംഭഘട്ട പ്രവര്‍ത്തനങ്ങള്‍ക്കായി, പഞ്ചായത്ത് സ്റ്റേഡിയം കോംപ്ലക്‌സില്‍ മുറികള്‍ വിട്ടു നല്‍കുകയും സ്റ്റേഡിയത്തിന് സമീപത്തായി ബസുകള്‍ പാര്‍ക്ക് ചെയ്യുന്നതിന് സൗകര്യം ഒരുക്കുകയും ചെയ്തിരുന്നു. ബി.എഡ് കോളജിന് സമീപത്തെ മിനി ബസ് സ്റ്റാന്‍ഡില്‍ വര്‍ക് ഷോപ്പിനായുള്ള സൗകര്യങ്ങളും ഒരുക്കി നല്‍കി. ബസ് സ്റ്റാന്‍ഡും അനുബന്ധ കെട്ടിട സൗകര്യങ്ങളും ഒരുക്കുന്നതിനായി ചെമ്പകകുഴിയില്‍ രണ്ട് ഏക്കര്‍ 65 സെന്‍റര്‍ ഭൂമിയും വിട്ടു നല്‍കി.
പൊതു ജനങ്ങളുടെ സഹായത്തോടെ മണ്ണ് ജോലികളും പൂര്‍ത്തീകരിച്ചാണ് സ്ഥലം കോര്‍പ്പറേഷന് കൈമാറിയത്. എന്നാല്‍ ഓപ്പറേറ്റിംഗ് സെന്‍റര്‍ ആരംഭിച്ച് നാല് വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും യാതൊരു നിര്‍മാണ പ്രവര്‍ത്തനങ്ങളും നടത്താന്‍ കോര്‍പ്പറേഷന്‍ തയ്യാറായിട്ടില്ല. വിട്ടുകൊടുത്ത ഭൂമി ആധാരം ചെയ്ത് കോര്‍പ്പറേഷന്‍റെ ഉടമസ്ഥതയിലാക്കാന്‍ പോലും തയ്യാറായില്ല. പിന്നീട് പൊതുജനങ്ങളുടെ സഹകരണത്തോടെ പഞ്ചായത്തിന്‍റെ നേതൃത്വത്തില്‍ ഫണ്ട് കണ്ടെത്തിയാണ് ഭൂമി ആധാരം ചെയ്ത് കൈമാറിയത്.