ഇടുക്കി: അടിമാലിയില്‍ മധ്യവയസ്‌കനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിൽ പ്രതിയെ അറസ്റ്റ് ചെയ്‌തു. പനംകുട്ടി സ്വദേശി ഏലിയാസാണ് അറസ്റ്റിലായത്. ഹൃദ്രോഗത്തെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിൽ ചികിത്സയില്‍ കഴിയുകയായിരുന്ന ഇയാളെ ഡിസ്‌ചാർജ് ചെയ്‌ത ശേഷമാണ് അറസ്റ്റ് ചെയ്‌തത്.
ഡിസംബർ അഞ്ചിനാണ് അറക്കുളം സ്വദേശിയായ മാത്യുവിനെ ഹില്‍ഫോര്‍ട്ട് ജംഗ്ഷന് സമീപത്തുള്ള കെട്ടിടത്തിന് മുകളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. തലയില്‍ നിന്നും രക്തം വാര്‍ന്നൊഴുകിയ നിലയിൽ കണ്ടെത്തിയ മൃതദേഹത്തിനരികില്‍ നിന്നും സിമന്‍റ് ഇഷ്‌ടികയും കണ്ടെത്തിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ മുന്‍വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. തെളിവെടുപ്പ് നടത്തിയ ശേഷം പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്‌തു.