ഇടുക്കി: പീരുമേട് സബ് ജയിലിൽ റിമാൻഡ് പ്രതി മരിച്ച സംഭവത്തിൽ ദുരൂഹതകൾ നീക്കണമെന്നാവശ്യം ശക്തമാവുന്നു. സാമ്പത്തിക തട്ടിപ്പിന് പിന്നിലുള്ള ഉന്നത ബന്ധം തിരിച്ചറിയാതിരിക്കാനും തെളിവുകൾ നശിപ്പിക്കാനുമാണ് കുമാറിനെ കൊലപ്പെടുത്തിയതെന്നാണ് ഇപ്പോൾ ഉയർന്നു വരുന്ന ആരോപണം.
വായ്പാ തട്ടിപ്പിന്റെ പേരിലാണ് തൂക്കുപാലം ഹരിതാ ഫിനാൻസ് ഉടമ കുമാറിനെയും , മാനേജിങ് ഡയക്ടർ ശാലിനി, മാനേജർ മഞ്ജു എന്നിവരെയും ജൂൺ 12ന് പൊലീസ് കസ്റ്റഡിലെടുത്തത്. ഇതിൽ മഞ്ജുവിനെയും ശാലിനിയെയും കോടതി ഹാജരാക്കി റിമാൻഡ് ചെയ്തു. എന്നാൽ കുമാറിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത് നാല് ദിവസം പിന്നിട്ട് 16ന് രാത്രിയാണ്. കസ്റ്റഡിലായിരുന്ന പ്രതിയെ പൊലീസ് ക്രൂരമായി മർദിച്ചെന്നാണ് ആരോപണം. ഈ കാര്യങ്ങൾ ശരി വെക്കുന്നതാണ് പ്രാഥമിക പോസ്റ്റ്‌മോർട്ടം റിപ്പോർട്ടും. ഇടതുകാലിന്‍റെയും, കാൽവിരലിന്റെയും അസ്ഥികൾ പൊട്ടിയിരുന്നതായും, തുടകളിലെ പേശികൾ വിട്ടുമാറിയിരുന്നതായും റിപ്പോർട്ടിൽ പറയുന്നു. കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലായിരിക്കെ പൊലീസ് മർദിച്ചതായി കുമാർ ഡോക്ടറോട് പറഞ്ഞിരുന്നു. സംഭവത്തിൽ പൊലീസ് ഉദ്യോഗസ്ഥർ വീഴ്ച്ച വരുത്തിയെന്നാണ് ഇടുക്കി പൊലീസ് മേധാവിയുടെ റിപ്പോർട്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് എസ് ഐ ഉൾപ്പെടെ നാല് പേരെ സസ്പെന്‍റ് ചെയ്തത്. എന്നാൽ കുമാറിനെ മർദിച്ചിട്ടില്ലെന്നും ന്യുമോണിയയാണ് മരണകാരണമെന്നും രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ വീണുണ്ടായതാണ് പരിക്കുകളെന്നും പൊലീസ് വിശദീകരിക്കുന്നു.