ഇടുക്കി: കൊവിഡ് വ്യാപന സാഹചര്യത്തില്‍ തോട്ടം മേഖലയായ ഉടുമ്പന്‍ചോലയില്‍ കൂടുതല്‍ പരിശോധന സൗകര്യം ഒരുക്കണമെന്ന ആവശ്യമുയരുന്നു. ഉടുമ്പന്‍ചോല കുടുംബാരോഗ്യ കേന്ദ്രത്തില്‍ ആര്‍.ടി.പി.സി.ആര്‍ പരിശോധന സൗകര്യം ഏര്‍പ്പെടുത്തണമെന്നും തോട്ടങ്ങള്‍ കേന്ദ്രീകരിച്ച് ആന്‍റിജന്‍ പരിശോധന ക്യാമ്പുകള്‍ നടത്തണമെന്നും പ്രദേശവാസികള്‍ ഉന്നയിച്ചു. ഉടുമ്പന്‍ചോല പഞ്ചായത്ത് പൂര്‍ണമായും ഏലതോട്ടം മേഖലയാണ്. നേരത്തേ, പഞ്ചായത്തിലെ പാറത്തോട് ഉള്‍പ്പടെയുള്ള പ്രദേശങ്ങളില്‍ കൊവിഡ് ബാധിതരായ തൊഴിലാളികള്‍, രോഗവിവരം മറച്ചുവെച്ച് തോട്ടങ്ങളില്‍ പണിയെടുത്തത് വ്യാപനത്തിന് ഇടയാക്കി. മെഡിക്കല്‍ സ്‌റ്റോറുകളില്‍ നിന്നും പനി മരുന്നുകള്‍ തോട്ടം തൊഴിലാളികള്‍ വ്യാപകമായി വാങ്ങിയിരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ മേഖലയില്‍ നടത്തിയ പരിശോധനയില്‍ നിരവധി പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.
ALSO READ: കൊവിഡ് രൂക്ഷം: വട്ടവടയില്‍ ജില്ല കലക്ടറുടെ നേതൃത്വത്തില്‍ അവലോകന യോഗം
ആരോഗ്യ വകുപ്പിന്‍റെ നേതൃത്വത്തില്‍ വിവിധ വകുപ്പുകളുടെ സഹകരണത്തോടെ പരിശോധനയും ബോധവല്‍ക്കരണ പരിപാടികളും പുരോഗമിയ്ക്കുകയാണ്. പഞ്ചായത്തിലെ ഓരോ തോട്ടങ്ങളിലും പരിശോധനാക്യാമ്പുകള്‍ സംഘടിപ്പിച്ച് കൊവിഡ് ബാധിതരെ കണ്ടെത്തുകയും രോഗ വ്യാപന സാധ്യത തടയാന്‍ നടപടി സ്വീകരിയ്ക്കുകയും ചെയ്യണമെന്നാണ് ആവശ്യം. ഉടുമ്പന്‍ചോല കുടുംബാരോഗ്യകേന്ദ്രത്തില്‍ നിലവില്‍ ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റിനുള്ള സൗകര്യങ്ങള്‍ ഇല്ല. ക്വാറന്‍റൈനില്‍ കഴിയുന്നവര്‍ നെടുങ്കണ്ടം ഫസ്റ്റ്‌ലൈന്‍ ട്രീറ്റ്‌മെന്റ് സെന്‍ററില്‍ എത്തിയാണ് പരിശോധന നടത്തുന്നത്. ക്വാറന്‍റൈനില്‍ കഴിയുന്നവരില്‍ പലരും ഒരേ വാഹനത്തിലാണ് പരിശോധനയ്ക്കായി എത്തുന്നത്. ഇതും രോഗവ്യാപനത്തിന് ഇടയാക്കി. കഴിഞ്ഞ ദിവസം പാറതോട്ടില്‍ 127 പേരില്‍ നടത്തിയ പരിശോധനയില്‍ 57 പേര്‍ക്കും രോഗം സ്വിരീകരിച്ചു. നിലവില്‍ 550ല്‍പരം കൊവിഡ് ബാധിതരാണ് ഉടുമ്പന്‍ചോലയില്‍ ഉള്ളത്.