ഇടുക്കി: ടാക്‌സി കാറിന് ഫിറ്റനസ് സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ മോട്ടോര്‍ വാഹന വകുപ്പ് തയാറായില്ലെന്ന് പരാതി. സൂര്യനെല്ലി സ്വദേശിയായ ശരവണകുമാറാണ് പരാതി ഉന്നയിച്ചത്. ശരവണകുമാര്‍ ഇയാളുടെ വാഹനം ഇടുക്കി നെടുങ്കണ്ടത്തെ ജെആര്‍ടിഒ ഓഫിസിന് മുമ്പില്‍ ഉപേക്ഷിച്ച് പ്രതിഷേധിച്ചു.
ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചാല്‍ മാത്രമെ വാഹനം നിരത്തിലിറക്കാന്‍ കഴിയൂ എന്നതിനാലാണ് ശരണവണകുമാര്‍ വാഹനം ഉപേക്ഷിച്ച് പ്രതിഷേധിച്ചത്. ടാക്‌സി ഡ്രൈവറായ ഇയാളുടെ വാഹനത്തിന്‍റെ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് കാലാവധി കഴിഞ്ഞ ദിവസം അവസാനിച്ചിരുന്നു. ഇതേ തുടര്‍ന്ന് നെടുങ്കണ്ടത്തെ ഓഫിസില്‍ എത്തി ടെസ്റ്റ് പൂര്‍ത്തിയാക്കി പണം അടച്ചു.
എന്നാല്‍ വിവിധ കാരണങ്ങള്‍ പറഞ്ഞ് ഉദ്യോഗസ്ഥര്‍ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ലെന്നാണ് ശരവണകുമാര്‍ ആരോപിയ്ക്കുന്നത്. സര്‍ട്ടിഫിക്കറ്റ് ലഭിയ്ക്കാത്തതിനാല്‍ ടാക്‌സി ഓട്ടം നഷ്‌ടമാകുന്ന സാഹചര്യം ഉണ്ടായതോടെയാണ് ശരവണകുമാര്‍ പ്രതിഷേധിച്ചത്.
ടാക്‌സി വാഹനങ്ങളെ നിരീക്ഷിയ്ക്കുന്നതിനായി കാറില്‍ ഘടിപ്പിച്ചിരുന്ന ജിപിഎസ് സംവിധാനം വാഹന വകുപ്പിന്‍റെ സുരക്ഷ മിത്രയുമായി ലിങ്കു ചെയ്‌തിരുന്നില്ലെന്നും ഇതാണ് സര്‍ട്ടിഫിക്കറ്റ് വിതരണം വൈകുന്നതിന് ഇടയാക്കിയതെന്നും മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചു. നടപടികള്‍ പൂര്‍ത്തീകരിച്ച ശേഷം ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് നല്‍കി. എന്നാല്‍ വിദൂര മേഖലകളില്‍ നിന്നെത്തുന്നവരെ നിസാര കാര്യങ്ങളുടെ പേരില്‍ ബുദ്ധിമുട്ടിയ്ക്കുന്നത് പതിവാകുകയാണെന്നാണ് വാഹന ഉടമകളുടെ ആക്ഷേപം.