ഇടുക്കി: വണ്ണപ്പുറത്ത് അടയ്ക്കാ സംഭരണ കേന്ദ്രത്തിൽ ബാലവേല കണ്ടെത്തി. അടയ്ക്കാ സംഭരണവുമായി ബന്ധപ്പെട്ട ജോലികൾ ചെയ്യുന്ന 37 കുട്ടികളെ ശിശു സംരക്ഷണ വിഭാഗം നടത്തിയ മിന്നൽ പരിശോധനയിൽ കണ്ടെത്തുകയായിരുന്നു. സംഭരണ കേന്ദ്രത്തിന്റെ ഉടയമയ്ക്കെതിരെ കേസ് എടുക്കാൻ പൊലീസിന് നിർദേശം നല്‍കിയിട്ടുണ്ട്.
വണ്ണപ്പുറം ടൗണിൽ പ്രവർത്തിക്കുന്ന അടയ്ക്കാ സംഭരണ കേന്ദ്രത്തിൽ ബാലവേല നടക്കുന്നുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ജില്ലയിലെ ശിശുസംരക്ഷണ വിഭാഗം റെയ്ഡ് നടത്തിയത്. സംഘത്തിന്റെ വാഹനം അടയ്ക്കാ സംഭരണ കേന്ദ്രത്തിലെത്തിയതിന് പിന്നാലെ ജോലിയിൽ ഏർപ്പെട്ടിരുന്ന കുട്ടികളോട് ഓടി ഒളിക്കാൻ നടത്തിപ്പുകാരൻ നിർദേശം നല്‍കി. പിന്നീട് ചൈല്‍ഡ് ലൈൻ പ്രവർത്തകർ നടത്തിയ പരിശോധനയിലാണ് കുട്ടികളെ കണ്ടെത്തിയത്. കുട്ടികളെക്കൊണ്ട് തൊഴിലെടുപ്പിച്ചിട്ടില്ലെന്ന് സംഭരണ കേന്ദ്രം അധികൃതർ പറഞ്ഞെങ്കിലും കുട്ടികളുടെ കൈയ്യിൽ കറയും മുറിപാടുകളും കണ്ടതോടെ ശിശുസംരക്ഷണ വിഭാഗം നടപടി സ്വീകരിച്ചു. 15 വയസില്‍ താഴെയുള്ള കുട്ടികളാണ് ഏറെയും. അസം സ്വദേശികളായ നാൽപതിലേറെ കുടുംബങ്ങളാണ് തീർത്തും പരിതാപകരമായ സാഹചര്യത്തിൽ ഇവിടെ ജോലി ചെയ്യുന്നത്. ജില്ലാ കലക്ടറും പൊലീസ് മേധാവിയും സംഭവത്തില്‍ റിപ്പോർട്ട് തേടിയിട്ടുണ്ട്.