ഇടുക്കി: മൂന്നാർ ആദിവാസി മേഖലയില്‍ ശൈശവ വിവാഹത്തിനു പിന്നാലെ തോട്ടം മേഖലയിലും ശൈശവ വിവാഹം നടന്നു. വിവാഹം കഴിഞ്ഞിട്ട് ആറുമാസമായെങ്കിലും വിവരം പുറത്തറിഞ്ഞിരുന്നില്ല. പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തി ആയിട്ടില്ലെന്ന് കണ്ടെത്തിയതോടെ പൊലീസ് കേസെടുത്തു.
വരനെതിരെ പോക്‌സോ വകുപ്പ് അനുസരിച്ചും പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ക്കെതിരെ വിവിധ വകുപ്പുകള്‍ ചുമത്തിയുമാണ് ദേവികുളം പൊലീസ് കേസ് എടുത്തിരിക്കുന്നത്. മൂന്നാര്‍ ചൊത്തനാട് എസ്‌റ്റേറ്റിലെ ഗ്രാംസ്ലാന്‍ഡ് ഡിവിഷനില്‍ 2022 ജൂലൈ 20 നായിരുന്നു വിവാഹം. പെണ്‍കുട്ടി ഏഴുമാസം ഗര്‍ഭിണിയാണ്.
വിവരമറിഞ്ഞതോടെ നടപടി സ്വീകരിച്ച പൊലീസ് പെണ്‍കുട്ടിയെ ശിശുക്ഷേമ സമിതിക്കു മുമ്പില്‍ ഹാജരാക്കി. സമിതിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് പെണ്‍കുട്ടിയെ അമ്മയോടൊപ്പം അയച്ചു. സംഭവം പുറത്തറിഞ്ഞതോടെ വരന്‍ ഒളിവില്‍ പോയി.
ഇടമലക്കുടി ആദിവാസി ഊരായ കണ്ടത്തുകുടി സ്വദേശിയായ നാല്‍പ്പത്തിയേഴുകാരന്‍ പതിനഞ്ചുകാരിയെ വിവാഹം ചെയ്‌ത സംഭവത്തില്‍ ഒളിവിലായ വരനു വേണ്ടി അന്വേഷണം നടത്തി വരുന്ന വേളയിലാണ് പുതിയ സംഭവം. ആദിവാസി മേഖലയെ അപേക്ഷിച്ച് പരിഷ്‌കൃത സമൂഹവുമായി അടുത്ത ബന്ധം പുലര്‍ത്തി വരുന്ന തോട്ടം മേഖലയിലെ ശൈശവ വിവാഹം കണ്ടെത്തിയതോടെ ഇത്തരത്തില്‍ കൂടുതല്‍ വിവാഹങ്ങള്‍ നടന്നിട്ടുണ്ടോ എന്ന് അന്വേഷിക്കേണ്ട നിലയിലാണ് പൊലീസ്. ബന്ധുക്കള്‍ പ്രായം മറച്ചു വച്ചും തെറ്റിദ്ധരിപ്പിച്ചും നടത്തി വരുന്ന വിവാഹങ്ങളാണ് കുഴപ്പിക്കുന്നത്.
പ്രസവത്തിനായി ആശുപത്രിയില്‍ എത്തുന്ന വേളയിലാണ് യഥാര്‍ഥ പ്രായം വെളിച്ചത്തു വരുന്നത്. ചൊക്കനാട് എസ്റ്റേറ്റില്‍ നടന്ന വിവാഹവും യഥാര്‍ഥ പ്രായം മറച്ചുവച്ചാണ് നടത്തിയതെന്ന് കണ്ടെത്തിയിട്ടുണ്ട്.