എറണാകുളം : പ്രമുഖ വ്ലോഗറും കണ്ണൂർ സ്വദേശിയുമായ ഷക്കീർ സുബാനെതിരായ പീഡന പരാതിയിൽ പൊലീസ് കേസെടുത്തു (Vlogger Mallu Traveler Harassment Case). സൗദി സ്വദേശിനിയുടെ പരാതിയിൽ എറണാകുളം സെൻട്രൽ പൊലീസാണ് കേസ് രജിസ്റ്റർ ചെയ്‌തത്. കഴിഞ്ഞ പതിമൂന്നാം തിയതി എറണാകുളത്തെ ഹോട്ടലിൽ വച്ച് പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നാണ് പരാതി.
സൗദി സ്വദേശിനിയെ അഭിമുഖം ചെയ്യുന്നതിനായാണ് മല്ലു ട്രാവലർ (Vlogger Mallu Traveler) എന്നറിയപ്പെടുന്ന ഷക്കീർ സുബാൻ ഹോട്ടലിലെത്തിയത്. ഈ സമയത്ത് പ്രതിശ്രുത വരനും യുവതിയ്ക്കൊപ്പം ഉണ്ടായിരുന്നു. എന്നാൽ പിന്നീട് പ്രതിശ്രുത വരൻ പുറത്തേക്ക് പോയ സമയത്ത് ഷക്കീർ സുബാൻ പീഡന ശ്രമം നടത്തിയെന്നാണ് യുവതി പരാതിയിൽ ആരോപിക്കുന്നത് (Sexual assault case against Mallu Traveler).
ഇതേതുടർന്ന് കണ്ണൂർ സ്വദേശിയായ ഷക്കീർ സുബാൻ വിദേശത്തേക്ക് കടന്നതായാണ് സൂചന. അതേസമയം പീഡന കേസില്‍ പ്രതികരണവുമായി ഷക്കീര്‍ രംഗത്തെത്തി. 'എന്‍റെ പേരിൽ ഒരു ഫേക്ക് പരാതി വാർത്ത കണ്ടു. 100 ശതമാനം ഫേക്ക് ആണ്. മതിയായ തെളിവുകൾ കൊണ്ട് അതിനെ നേരിടും.
എന്നോട് ദേഷ്യം ഉള്ളവർക്ക് ഒരു ആഘോഷമാക്കാനുള്ള അവസരം ആണ് ഇത് എന്ന് അറിയാം. എന്‍റെ ഭാഗം കൂടി കേട്ടിട്ട്, അഭിപ്രായം പറയണം എന്ന് അപേക്ഷിക്കുന്നു' -എന്നാണ് ആരോപണ വിധേയനായ വ്ളോഗർ സമൂഹ മാധ്യമങ്ങളിലൂടെ പ്രതികരിച്ചത്.
ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധിയാളുകളാണ് അഭിപ്രായം രേഖപ്പെടുത്തുന്നത്. അതേസമയം കേസുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പൊലീസ് പുറത്ത് വിട്ടിട്ടില്ല.