എറണാകുളം : മഹാരാജാസ് കോളജിന്‍റെ പേരിൽ വ്യാജരേഖയുണ്ടാക്കി ഗസ്റ്റ് ലക്‌ചററായ പൂർവ വിദ്യാർഥിനി വിദ്യക്കെതിരായ കേസിൽ നീലേശ്വരം പൊലീസ് കോളജിൽ എത്തി മൊഴിയെടുത്തു. പ്രിൻസിപ്പാള്‍ വിഎസ് ജോയിയിൽ നിന്നാണ് വിവരങ്ങൾ തേടിയത്. കാസർകോട് കരിന്തളം ഗവൺമെന്‍റ് കോളജ് നൽകിയ പരാതിയിലാണ് വിദ്യക്കെതിരെ നീലേശ്വരം പൊലീസ് അന്വേഷണം തുടരുന്നത്.
നീലേശ്വരം സിഐയുടെ നേതൃത്വത്തിലുള്ള സംഘമാണ് മഹാരാജാസ് കോളജിലെത്തിയത്. 2022 ജൂണ്‍ മുതല്‍ 2023 മാര്‍ച്ച് വരെ വിദ്യ കരിന്തളം ഗവ കോളജില്‍ ഗസ്റ്റ് ലക്‌ചററായി ജോലി ചെയ്‌തിരുന്നു. മഹാരാജാസ് കോളജിന്‍റെ പേരിൽ വ്യാജ എക്‌സ്‌പീരിയൻസ് സർട്ടിഫിക്കറ്റ് ഹാജരാക്കിയായിരുന്നു വിദ്യ ജോലിയിൽ പ്രവേശിച്ചത്.
വിദ്യ ഹാജരാക്കിയത് വ്യാജ സർട്ടിഫിക്കറ്റ് ആണെന്ന വിവരം പുറത്ത് വന്നതോടെ കോളജ് അധികൃതർ നീലേശ്വരം പൊലീസിൽ പരാതി നൽകുകയായിരുന്നു. മഹാരാജാസ് കോളജിലെ ഒപ്പും സീലും അടക്കം നീലേശ്വരം പൊലീസ് പരിശോധിച്ചു. ആവശ്യമായ രേഖകൾ എല്ലാം ശേഖരിച്ചതായി പൊലീസ് അറിയിച്ചു. നേരത്തെ വ്യാജ രേഖ കേസിൽ അഗളി പൊലീസും കോളജിലെത്തി വൈസ് പ്രിൻസിപ്പാള്‍ ബിന്ദു ഷർമിളയിൽ നിന്ന് വിവരങ്ങൾ തേടിയിരുന്നു.
അഗളി ഡിവൈഎസ്‌പി മുരളീധരന്‍റെ നേതൃത്വത്തിലായിരുന്നു അന്വേഷണ സംഘം മൊഴിയെടുത്തത്. കോളജ് അധികൃതർ അന്വേഷണവുമായി പൂർണമായി സഹകരിക്കുന്നുണ്ടെന്നും ആവശ്യപ്പെട്ട രേഖകൾ എല്ലാം കൈമാറിയെന്നും ഡിവൈഎസ്‌പി മുരളീധരൻ വ്യക്തമാക്കിയിരുന്നു. മഹാരാജാസ് കോളജിൽ നിന്നും നൽകുന്ന എക്‌സ്‌പീരിയൻസ് സർട്ടിഫിക്കറ്റിന്‍റെ മാതൃകയും പൊലീസിന് നൽകി.
വിശദീകരണം നൽകി മഹാരാജാസ് കോളജ് : വ്യാജ സർട്ടിഫിക്കറ്റിൽ കാണിച്ചിരിക്കുന്ന ഇഷ്യൂ ഡേറ്റിൽ കോളജ് അവധിയായിരുന്നു. ഇതിൽ രേഖപ്പെടുത്തിയിരിക്കുന്ന സെക്ഷൻ കോളജിൽ പ്രവർത്തിക്കുന്നില്ല. പത്ത് വർഷമായി മഹാരാജാസ് കോളജിൽ മലയാള വിഭാഗത്തിൽ ഗസ്റ്റ് ലക്‌ചറർ നിയമനം നടന്നിട്ടില്ല. ആസ്‌പർ ഫെല്ലോഷിപ്പിന്‍റെ ഭാഗമായി കോളജ് നൽകിയ ജോയ്‌നിങ് സർട്ടിഫിക്കറ്റിൽ നിന്നായിരിക്കാം കോളജിന്‍റെ സീലും പ്രിൻസിപ്പാളിന്‍റെ ഒപ്പും എടുത്തത്.
കോളജിൽ നിന്നും ഒരു സഹായവും വ്യാജ സർട്ടിഫിക്കറ്റ് നിർമിക്കുന്നതിന് ലഭിച്ചിട്ടില്ല തുടങ്ങിയ കാര്യങ്ങളാണ് കോളജ് അധികൃതർ പൊലീസിനെ അറിയിച്ചത്. വ്യാജ രേഖ കേസിൽ മഹാരാജാസ് കോളജ് പ്രിൻസിപ്പാളിന്‍റെ പരാതിയിൽ എറണാകുളം സെൻട്രൽ പൊലീസ് പൂർവ വിദ്യാർഥി വിദ്യക്കെതിരെ ജമ്യമില്ല വകുപ്പുകൾ പ്രകാരമാണ് ആദ്യം കേസെടുത്തത്. ഏഴ് വർഷം വരെ തടവു ശിക്ഷ ലഭിക്കാവുന്ന ഇന്ത്യൻ ശിക്ഷ നിയമത്തിലെ വകുപ്പുകൾ ഉൾപ്പെടുത്തിയാണ് എഫ്ഐആർ രജിസ്റ്റർ ചെയ്‌തത്.
കോളജ് അധികൃതരെ വഞ്ചിച്ച് ജോലി നേടുകയെന്ന ലക്ഷ്യത്തോടെയാണ് വ്യാജ രേഖ ചമച്ചതെന്നും പൊലീസ് റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. പരാതിക്കാരനായ മഹാരാജാസ് കോളജ് പ്രിൻസിപ്പൽ വിഎസ് ജോയിയുടെ മൊഴിയും എറണാകുളം സെൻട്രൽ പൊലീസ് രേഖപ്പെടുത്തി. ഇതിനു ശേഷം കേസ് അഗളി പൊലീസിന് കൈമാറുകയായിരുന്നു.
വ്യാജ രേഖയുമായി വിവധ കോളജുകളിൽ ഉദ്യോഗം : കോളജിന്‍റെ പേരിൽ വ്യാജരേഖ ചമച്ച് സർക്കാർ കോളജുകളിൽ ഗസ്റ്റ് ലക്‌ചററായി പൂർവ വിദ്യാർഥിനിയായ കെ വിദ്യ ജോലി ചെയ്‌തിരുന്നു. അട്ടപ്പാടി ഗവ. കോളജിൽ ഗസ്റ്റ് ലക്‌ചററർ അഭിമുഖത്തിന് എത്തിയപ്പോള്‍ കോളജ് അധികൃതർക്ക് സർട്ടിഫിക്കറ്റിൽ സംശയം തോന്നിയതോടെയാണ് തട്ടിപ്പ് പുറത്തായത്. അട്ടപ്പാടി ഗവ. കോളജിലെ അധ്യാപകർ മഹാരാജാസ് കോളജ് അധികൃതരെ വിവരമറിയിച്ചതോടെ വ്യാജരേഖയാണെന്ന് വ്യക്തമായി.
അഞ്ച് വർഷം മുമ്പ് മഹാരാജാസ് കോളജിൽ നിന്നും മലയാളത്തിൽ ബിരുദാനന്തരം പൂർത്തിയാക്കിയ കെ വിദ്യ മഹാരാജാസ് കോളജ് മലയാളം വിഭാഗത്തിൽ 2018-19, 2020-21 വർഷങ്ങളിൽ ഗസ്റ്റ് ലക്‌ചററായിരുന്നു എന്ന് കാണിക്കുന്ന വ്യാജ സർട്ടിഫിക്കറ്റാണ് നിർമിച്ചത്. ഈ വ്യാജ സർട്ടിഫിക്കറ്റുകൾ ഉപയോച്ച് ഒരു വർഷം മുൻപ് പാലക്കാട്ടെ ഒരു സർക്കാർ കോളജിൽ വിദ്യ ജോലി നേടിയിരുന്നു. മലയാളം വിഭാഗത്തിൽ 2021-22 അധ്യയന വർഷത്തിൽ ഒക്‌ടോബർ മുതൽ മാർച്ച് വരെയാണ് ഗസ്റ്റ് ലക്‌ചററായി ഇവിടെ ജോലി ചെയ്‌തത്.
തട്ടിപ്പിന് പിന്നിൽ രാഷ്‌ട്രീയ ഇടപെടൽ : തുടർന്ന് കാസർകോട് ജില്ലയിലെ കരിന്തളം ഗവൺമെന്‍റ് കോളജിലും ഇവർ ഗസ്റ്റ് ലകചററായി നിയമനം നേടി. അതേസമയം തുടർച്ചയായി സർക്കാർ കോളജുകളിൽ ഗസ്റ്റ് ലക്‌ചററായി നിയമനം നേടിയതിനു പിന്നിൽ ഉന്നത രാഷ്‌ട്രീയ ഇടപെടലുണ്ടെന്ന ആരോപണവുമായി കെഎസ്‌യു രംഗത്തുണ്ട്. ഈ വിദ്യാർഥിനിക്ക് എസ്എഫ്ഐ ബന്ധമുള്ളതായും ഇവർ ആരോപിക്കുന്നു. കോളജിന് വിദ്യാർഥി നടത്തിയ ക്രമക്കേടിൽ യാതൊരു ബന്ധവുമില്ലെന്നാണ് കോളജ് അധികൃതര്‍ വ്യക്തമാക്കിയത്.