എറണാകുളം: പി.ടി തോമസ് എം.എല്‍.എക്കെതിരെ വിജിലന്‍സ് അന്വേഷണത്തിന് സര്‍ക്കാര്‍ അനുമതി. കൊച്ചി കോര്‍പ്പറേഷന്‍ അമ്പത്തിയേഴാം ഡിവിഷനില്‍ ഉള്‍പ്പെടുന്ന ചെലവന്നൂര്‍ കായലിന്‍റെ ഭാഗമായ കോച്ചാപ്പിള്ളി തോട് നികത്തി റോഡ് നിര്‍മിച്ചെന്ന പരാതിയിലാണ് അന്വേഷണം. കൊച്ചി മേയര്‍ സൗമിനി ജെയിന്‍ ഉള്‍പ്പെടെ 14 പേര്‍ക്കെതിരെ മൂവാറ്റുപുഴ വിജിലന്‍സ് കോടതി നേരത്തെ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.
നിയമസഭാംഗമായതിനാല്‍ പി.ടി തോമസിനെതിരെ പ്രോസിക്യൂഷന്‍ അനുമതി തേടി വിജിലന്‍സ് സര്‍ക്കാരിന് അപേക്ഷ സമര്‍പ്പിച്ചിരുന്നു. അനുമതി നൽകാൻ വൈകിയതോടെ അന്വേഷണം ആരംഭിക്കാന്‍ കഴിഞ്ഞിരുന്നില്ല. പി.ടി തോമസിന്‍റെ ഭാര്യ അംഗമായിരുന്ന എറണാകുളം കോ-ഓപ്പറേറ്റീവ് ഹൗസ് കണ്‍സ്‌ട്രക്ഷന്‍ സൊസൈറ്റി ഭൂമിയിലേക്ക് വഴിയുണ്ടാക്കാനാണ് തോട് നികത്തിയതെന്നാണ് ആരോപണം. 2018 ഡിസംബര്‍ 14ന് പി.ടി തോമസിന്‍റെ സാന്നിധ്യത്തില്‍ മേയര്‍ സൗമിനി ജെയിന്‍റെ ചേംബറില്‍ വിളിച്ച് ചേര്‍ത്ത യോഗത്തിലാണ് പദ്ധതി നടപ്പാക്കാന്‍ തീരുമാനിച്ചതെന്നും പരാതിയില്‍ ആരോപിക്കുന്നു. എം.എല്‍.എയും മേയറും അധികാര ദുര്‍വിനിയോഗവും നിയമലംഘനവും നടത്തിയെന്ന് ചൂണ്ടിക്കാട്ടി കൊച്ചി സ്വദേശികള്‍ നല്‍കിയ രണ്ട് ഹര്‍ജിയിലും ആരോപിച്ചിരുന്നു. ഈ ഹര്‍ജിയില്‍ കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് മൂവാറ്റുപുഴ വിജിലന്‍സ് കോടതി അന്വേഷണത്തിന് ഉത്തരവിട്ടത്.