എറണാകുളം: നിയമസഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥിത്വത്തില്‍ സിപിഎമ്മില്‍ പോസ്റ്റര്‍ വിവാദം രൂക്ഷമാകുന്നു. കളമശേരി മണ്ഡലത്തിൽ സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി.രാജീവിനെ സ്ഥാനാർഥിയാക്കുന്നതിനെതിരെയാണ് രണ്ടാം ദിവസവും പോസ്റ്ററുകൾ. കളമശേരി നഗരസഭയ്ക്ക് സമീപമാണ് ഇന്ന് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. കെ ചന്ദ്രൻ പിള്ളയെ സ്ഥാനാർഥിയാക്കണമെന്നാവശ്യപ്പെട്ട് ഞായറാഴ്ച രാത്രിയും മണ്ഡലത്തിൽ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടിരുന്നു. അഴിമതി വീരൻ വി എ സക്കീർ ഹുസൈന്‍റെ ഗോഡ്ഫാദർ പി രാജീവിനെ കളമശേരിക്ക് വേണ്ടെന്നാണ് പോസ്റ്ററുകളിലുള്ളത്.
ഏലൂർ മേഖലയിലായിരുന്നു പി.രാജീവ് വേണ്ട, കെ.ചന്ദ്രൻ പിള്ള മതിയെന്ന ആവശ്യവുമായി ഞായറാഴ്ച രാത്രി പോസ്റ്റർ പ്രത്യക്ഷപ്പെട്ടിരുന്നത്. വെട്ടിനിരത്തി തുടർ ഭരണം നേടാനാകുമോ, തുടർ ഭരണമാണ് ലക്ഷ്യമെങ്കിൽ തങ്ങളുടെ സ്വന്തം സ്ഥാനാർഥി മതി തുടങ്ങിയ ആവശ്യങ്ങളാണ് പോസ്റ്ററിലുണ്ടായിരുന്നത്. എന്നാൽ പുതിയ പോസ്റ്ററിൽ മുൻ ഏരിയാ സെക്രട്ടറി സക്കീർ ഹുസൈന് അനുകൂലമായ നിലപാട് പി.രാജീവ് സ്വീകരിച്ചെതിനെതിരായ എതിർപ്പാണ് വ്യക്തമാകുന്നത്. പാർട്ടി ബന്ധമില്ലാത്തവരാണ് പോസ്റ്ററുകൾക്ക് പിന്നിലെന്നാണ് പാർട്ടി വൃത്തങ്ങളുടെ വിശദീകരണം.