എറണാകുളം: എറണാകുളം പിറവത്ത് ഭാര്യയെ വെട്ടിക്കൊന്ന് ഭർത്താവ് ആത്മഹത്യ ചെയ്‌തു. പിറവം കക്കാട് സ്വദേശി ബേബി, ഭാര്യ സ്‌മിത എന്നിവർ ആണ് മരിച്ചത്. ഇവരുടെ രണ്ട് പെൺമക്കളെയും വെറ്റിപ്പരിക്കേൽപ്പിച്ചിട്ടുണ്ട്. (Piravom man suicided after murder of wife and attempts to kill two daughters) സാരമായി പരിക്കേറ്റ ഇരുവരെയും കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്ന് രാവിലെയാണ് പിറവത്ത് നാടിനെ നടുക്കിയ കൊലപാതകവും ആക്രമണങ്ങളും നടന്നത്. ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം രണ്ട് പെൺമക്കളേയും വെട്ടിപ്പരിക്കേൽപ്പിച്ച് ഇയാൾ തൂങ്ങി മരിക്കുകയായിരുന്നു. കുടുംബ വഴക്കിനെ തുടർന്നുള്ള പെട്ടെന്നുണ്ടായ പ്രകോപനമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം.
പിറവം കക്കാട് സ്വദേശിയായ ബേബി (58) പ്രവാസിയായിരുന്നു. വിദേശത്ത് നിന്നും മടങ്ങിയെത്തിയ ശേഷം കുറച്ച് കാലമായി ഇയാൾ നാട്ടിൽ തന്നെയായിരുന്നു. 18 ഉം 21ഉം വയസുള്ള പെൺമക്കൾ നഴ്സിംഗ് വിദ്യാർത്ഥികളാണ്. സാരമായി പരിക്കേറ്റ ഇവർ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. പരിക്കേറ്റ ഇരുവരും അപകട നില തരണം ചെയ്‌തതായാണ് ആശുപത്രി അധികൃതർ അറിയിച്ചത്.
രാവിലെ ഇവരുടെ വീട്ടിൽ നിന്ന് ബഹളം കേട്ടെത്തിയ നാട്ടുകാരാണ് ദാരുണമായ സംഭവം കാണുന്നത്. ഉടനെ പരിക്കേറ്റ മക്കളെ ആശുപത്രിയിലെത്തിച്ചു. സ്‌മിത അപ്പോഴേക്കും മരിച്ചിരുന്നു (Piravom man killed wife). തൂങ്ങി മരിച്ച നിലയിലാണ് ബേബിയുടെ മൃതദേഹം കണ്ടെത്തിയത്.
സംഭവം അറിഞ്ഞ ഉടൻ പിറവം പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. കുടുംബ പ്രശ്‌നങ്ങളാണ് അരുംകൊലയിലേക്കും ആത്മഹത്യയിലേക്കും നയിച്ചതെന്നാണ് പൊലീസിന്‍റെ നിഗമനം. സംഭവത്തിൽ കേസെടുത്ത (Piravom murder) പോലീസ് അന്വേഷണം ആരംഭിച്ചു. വീട്ടിൽ നിന്നും ആത്മഹത്യ കുറിപ്പ് കിട്ടിയതായാണ് വിവരം.
Also read: പയ്യന്നൂരില്‍ ഭർത്താവ് ഭാര്യയെ വെട്ടിക്കൊന്നു; പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി പ്രതി
കഴിഞ്ഞ ഒക്‌ടോബറിൽ കണ്ണൂരിൽ സമാന സംഭവം റിപ്പോർട്ട് ചെയ്‌തിരുന്നു. ഭർത്താവ് ഭാര്യയെ വെട്ടിക്കൊന്ന് പൊലീസിൽ കീഴടങ്ങുകയായിരുന്നു. പയ്യന്നൂരിനടുത്ത് കാങ്കോൽ ബമ്മാരടി കോളനിയിലാണ് സംഭവം.
കണ്ണൂർ കാട്ടിലെ പീടിക തയ്യിൽ വളപ്പിൽ സ്വദേശിനി പ്രസന്ന വികെ ആണ് ഭർത്താവിന്‍റെ വെട്ടേറ്റ് കൊല്ലപ്പെട്ടത്. പിന്നീട് ഭർത്താവ് ഷാജി പൊലീസിൽ കീഴടങ്ങി. ഒക്‌ടോബർ 25ന് ഉച്ചയ്ക്ക് 1.30 ഓടെയാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. ഷാജി ഭാര്യ പ്രസന്നയെ വീടിനകത്ത് വച്ച് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.
ബമ്മാരടി കോളനിയിലെ നിർമാണ തൊഴിലാളിയായിരുന്നു ഷാജി. വെട്ടേറ്റ് തല പൂർണമായും വേർപെട്ട നിലയിലായിരുന്നു പ്രസന്നയുടെ മൃതദേഹം കിടന്നത്. പ്രസന്നയുടെ നിലവിളി കേട്ടെത്തിയ അയൽവാസികൾ വീടിനകത്ത് കയറിയപ്പോഴാണ് മൃതദേഹം കാണുന്നത്. അയൽക്കാർ എത്തുന്നതിനു മുന്‍പു തന്നെ ഷാജി ബൈക്കിൽ പുറത്തേക്കു പോയിരുന്നു.
തുടർന്ന് ഷാജി പയ്യന്നൂർ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. കുടുംബ വഴക്കിനെ തുടർന്ന് ഒരു വർഷമായി പ്രസന്നയും മൂന്ന് മക്കളും കണ്ണൂർ കാട്ടിലെ പീടികയ്ക്കടുത്ത സ്വന്തം വീട്ടിലായിരുന്നു താമസം.