എറണാകുളം: നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ടിന്‍റെ സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളില്‍ എന്‍ഐഎ നടത്തിയ പരിശോധനയിൽ ഒരാളെ കസ്റ്റഡിയിലെടുത്തു. എടവനക്കാട് സ്വദേശി മുബാറക്കിനെയാണ് പിടികൂടിയത്. ഇയാളെ കൊച്ചി എൻഐഎ ഓഫിസിലെത്തിച്ചു.
മുബാറക്കിന്‍റെ വീട്ടിൽ നിന്നും പോപ്പുലര്‍ ഫ്രണ്ട് ലഘുലേഖകളും ആയുധങ്ങളും പിടിച്ചെടുത്തതായാണ് സൂചന. ഇതുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ എൻഐഎ പുറത്ത് വിട്ടിട്ടില്ല. പോപ്പുലർ ഫ്രണ്ടിന്‍റ് രണ്ടാം നിര നേതാക്കളുടെ വീടുകളിലായിരുന്നു ഇന്ന് പുലർച്ചെ രണ്ട് മണി മുതൽ പ്രധാനമായും പരിശോധന നടത്തിയത്. സംസ്ഥാന വ്യാപകമായി 56 ഇടങ്ങളിൽ റെയ്‌ഡ് നടന്നതിൽ ആദ്യമായാണ് ഒരാളെ കൊച്ചിയിൽ കസ്റ്റഡിയിലെടുത്തത്.
പ്രാഥമികമായ ചോദ്യം ചെയ്യലിന് ശേഷമായിരിക്കും അറസ്റ്റ് ഉൾപ്പടെയുള്ള തുടർ നടപടികളിലേക്ക് എൻഐഎ കടക്കുക. എറണാകുളം ജില്ലയിൽ മാത്രം ഒരു ഡസൻ കേന്ദ്രങ്ങളിലാണ് പരിശോധന നടത്തിയത്. ഞാറക്കൽ, ആലുവ, പെരുമ്പാവൂർ, മൂവാറ്റുപുഴ എന്നിവിടങ്ങളിലായിരുന്നു പ്രധാനമായും പരിശോധന. രണ്ടാം നിര നേതാക്കളുടെ ഫോണുകളും ചില രേഖകളും പിടിച്ചെടുത്തിട്ടുണ്ട്.
പുലർച്ചെ രണ്ട് മണിയോടെ സംസ്ഥാന പൊലീസിന്‍റെ സഹായത്തോടെയായിരുന്നു എൻഐഎയുടെ റെയ്‌ഡ്. നേരത്തെ സംസ്ഥാന പൊലീസിനെ അറിയിക്കാതെ സിആർപിഎഫ് സഹായത്തോടെ നടത്തിയ റെയ്‌ഡിലായിരുന്നു പോപ്പുലർ ഫ്രണ്ടിന്‍റെ ഒന്നാം നിര നേതാക്കളെ പിടികൂടിയത്. നിലവിൽ റിമാന്‍ഡില്‍ കഴിയുന്ന ഇവരെ ചോദ്യം ചെയ്‌തതിൽ നിന്നും ലഭിച്ച വിവരങ്ങളെ തുടർന്നാണ് രണ്ടാം നിര നേതാക്കളുടെ വീടുകളിൽ പരിശോധന നടത്തിയത്.
നിരോധനത്തെ നേരിടാൻ പോപ്പുലർ ഫ്രണ്ടിന് പ്ലാൻ ബി ഉണ്ടെന്നാണ് എൻഐഎ വിലയിരുത്തുന്നത്. മുൻ നിര നേതാക്കൾ പിടിയിലായാൽ രണ്ടാം നിര നേതാക്കൾ സംഘടന നയിക്കുകയെന്നതാണ് അതിൽ പ്രാധാനപ്പെട്ടത്. ഇത്തരത്തിൽ നിരോധനത്തിന് ശേഷവും സംഘടന ഏതെങ്കിലും തരത്തിലും പ്രവർത്തിച്ചോയെന്നാണ് എൻഐഎ പരിശോധിക്കുന്നത്.
പോപ്പുലർ ഫ്രണ്ടിന് രഹസ്യ വിഭാഗമുണ്ടെന്നും ഇതേ കുറിച്ച് അന്വേഷണം തുടരുകയാണെന്ന് വിചാരണ കോടതിയിൽ എൻഐഎ റിപ്പോർട്ട് നൽകിയിരുന്നു.