എറണാകുളം : ആരിഫ് മുഹമ്മദ് ഖാനെ ചാൻസലർ സ്ഥാനത്തുനിന്ന് നീക്കം ചെയ്‌തുള്ള ഓർഡിനൻസിൽ ഗവർണർ ഒപ്പ് വയ്‌ക്കുമോയെന്ന് തനിക്ക് പറയാൻ കഴിയില്ലെന്ന് നിയമ വകുപ്പ് മന്ത്രി പി രാജീവ്. ഗവർണറാണ് ഭരണഘടന പ്രകാരം ഓർഡിനൻസിൽ ഒപ്പുവയ്‌ക്കേണ്ടത്. അതിനെ മുൻവിധിയോടെ കാണേണ്ട കാര്യമില്ലെന്നും ഗവർണർ ആവശ്യമായ നിലപാട് സ്വീകരിക്കുമെന്നാണ് കരുതുന്നതെന്നും പി രാജീവ് പറഞ്ഞു.
ബിൽ രാഷ്ട്രപതിയുടെ പരിഗണനയിൽ ആണെങ്കിൽ അതിൽ ഓർഡിനൻസ് ഇറക്കാൻ ആവില്ല. ഓർഡിനൻസ് എന്നത് മന്ത്രിസഭയുടെ അധികാരമാണ്. നിയമസഭ ചേരുന്നതോടെ ഓർഡിനൻസ് എവിടെയാണെങ്കിലും അത് ഇല്ലാതാകും. ഇത്തരം നടപടികളെ കുറിച്ച് മാധ്യമങ്ങൾ ജനങ്ങൾക്ക് തെറ്റായ വിവരങ്ങൾ നൽകരുതെന്നും പി രാജീവ് പറഞ്ഞു.
എല്ലാ കാര്യങ്ങളും ഭരണഘടനയിൽ ഉണ്ട്. അതനുസരിച്ചേ പ്രവർത്തിക്കാൻ കഴിയുകയുള്ളൂ. നയപ്രഖ്യാപന പ്രസംഗത്തിന്‍റെ കാര്യത്തിലും ഇത് ബാധകമാണ്. നയപ്രഖ്യാപന പ്രസംഗം ഒഴിവാക്കുന്ന കാര്യം സർക്കാർ തീരുമാനിക്കുമെന്ന് പാർട്ടി സെക്രട്ടറി പറയുമെന്ന് കരുതുന്നില്ല.
ALSO READ: ഒടുവില്‍ ഓര്‍ഡിനന്‍സ് രാജ്ഭവനിലെത്തി; പന്ത് ഇനി ഗവര്‍ണറുടെ കോര്‍ട്ടില്‍
നിയമസഭാസമ്മേളനം ചേരുന്നതിനെക്കുറിച്ച് മന്ത്രിസഭ തീരുമാനിച്ചിട്ടില്ല. സഭ സമ്മേളനം തുടങ്ങിയിട്ടില്ല. പിന്നെങ്ങനെ നീട്ടാൻ തീരുമാനിക്കും. ഇതിനെല്ലാം ചട്ടം ഉണ്ട്. ഭരണഘടനയാണ് പരമോന്നതമായത്. അതിനാൽ ഭരണഘടന അനുസരിച്ചേ സർക്കാരിന് പ്രവർത്തിക്കാൻ കഴിയുകയുള്ളൂവെന്നും മന്ത്രി കൂട്ടിച്ചേർത്തു.