എറണാകുളം: കോതമംഗലത്ത് ഒരു സംഘം യുവാക്കളുടെ നേതൃത്വത്തില്‍ ആരംഭിച്ച ജൈവ പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് ആരംഭിച്ചു. ഇലഞ്ഞിക്കൽ വർക്കിച്ചന്‍റെ വീടിനോട് ചേർന്നുള്ള രണ്ടര ഏക്കർ സ്ഥലത്ത് വ്യാപാര അടിസ്ഥാനത്തിലാണ് കൃഷി ഇറക്കിയത്. വർക്കിച്ചനെ കൂടാതെ സുഹൃത്തുക്കളായ സോണി, സോജൻ, സജി, അനിൽ എന്നിവരും കൃഷിയില്‍ പങ്കാളികളായി. ആന്‍റണി ജോൺ എംഎൽഎ വിളവെടുപ്പ് ഉദ്ഘാടനം നിർവഹിച്ചു. മുൻസിപ്പൽ കൗൺസിലർമാരായ കെ വി തോമസ്, ടീന മാത്യു എന്നിവരും പങ്കെടുത്തു. വിഷരഹിത പച്ചക്കറിയുടെ വ്യാപനം ലക്ഷ്യമിട്ട് ഇനിയും പച്ചക്കറികൃഷി തുടരുമെന്ന് യുവാക്കൾ പറഞ്ഞു.
തരിശുകിടന്ന സ്ഥലം യന്ത്രസഹായത്താൽ കിളച്ചൊരു ശാസ്ത്രീയ രീതിയിലാണ് കൃഷി ഇറക്കിയത്. പയർ, വഴുതന, മുളക്, വെള്ളരി, പടവലം, പാവൽ, കോളിഫ്ലവർ, കാബേജ്, ചുരയ്ക്ക, വെണ്ട തുടങ്ങിയവയാണ് വിപുലമായി കൃഷി ചെയ്‌തു. ചാണകം, കടല പിണ്ണാക്ക് ,വേപ്പിൻ പിണ്ണാക്ക്, ശർക്കര, ഈസ്റ് ,ഗോമൂത്രം തുടങ്ങിയവ ഉപയോഗിച്ചുള്ള മിശ്രിതമാണ് ജൈവ വളമായി ഉപയോഗിക്കുന്നത്. വിഷരഹിത പച്ചക്കറി ഉത്പാദനത്തെ കുറിച്ച് അറിഞ്ഞ സുഹൃത്തുക്കളും പ്രദേശവാസികളും ഉൾപ്പെടെ നിരവധിപേർ പച്ചക്കറി വാങ്ങാൻ ഫാമിലേക്ക് എത്തുന്നുണ്ട്.