എറണാകുളം: തദ്ദേശസ്വയം ഭരണ തെരഞ്ഞെടുപ്പ് 2015ലെ വോട്ടര്‍ പട്ടിക അടിസ്ഥാനമാക്കി നടത്താനുള്ള തെരെഞ്ഞെടുപ്പ് കമ്മിഷൻ തീരുമാനം ഹൈക്കോടതി ഡിവിഷൻ ബെഞ്ച് റദ്ദാക്കി. 2019ലെ ലോക്‌സഭാ വോട്ടര്‍പട്ടിക അടിസ്ഥാനമാക്കി തദ്ദേശ തെരഞ്ഞെടുപ്പ് നടത്തണമെന്നും ഹൈക്കോടതി നിർദേശിച്ചു. 2020 ഫെബ്രുവരി 7 വരെയുള്ള പേരുകള്‍കൂടി ഉള്‍പ്പെടുത്തി വോട്ടര്‍പട്ടിക തയാറാക്കാനും അതനുസരിച്ചു തെരഞ്ഞെടുപ്പ് നടത്താനുമാണ് ഹൈകോടതി നിര്‍ദേശം നൽകിയത്. ഇതുമായി ബന്ധപ്പെട്ട സിംഗിള്‍ ബെഞ്ച് ഉത്തരവ് റദ്ദാക്കിയാണ് ഡിവിഷൻ ബെഞ്ചിന്‍റെ ഉത്തരവ്.
2015ലെ വോട്ടർ പട്ടിക കരട് പട്ടികയായി സ്വീകരിച്ച് തദ്ദേശ തെരഞ്ഞെടുപ്പ് നടത്താനുള്ള കമ്മീഷൻ പുറപ്പെടുവിച്ച മുഴുവൻ ഉത്തരവുകളും ഹൈക്കോടതി റദാക്കിയിട്ടുണ്ട്. യു.ഡി.എഫ് നേതാക്കൾ സമർപ്പിച്ച അപ്പീൽ ഹർജിയിലാണ് ഡിവിഷൻ ബെഞ്ച് അനുകൂല ഉത്തരവ് നൽകിയത്. 2015ലെ വോട്ടർ പട്ടിക ഉപയോഗിക്കുമെന്ന കമ്മിഷൻ തീരുമാനം ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജി ഹൈക്കോടതി സിംഗിൾ ബെഞ്ച് നേരത്തെ തള്ളിയിരുന്നു.
ഇതിനെതിരെയാണ് യു.ഡി.എഫ് നേതാക്കൾ ഡിവിഷൻ ബെഞ്ചിനെ സമീപിച്ചത്. ഹർജി പരിഗണിച്ച വേളയിൽ തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ വിശദീകരണം കോടതി തേടിയിരുന്നു. കോടതി ഉത്തരവിട്ടാൽ തീരുമാനം പുനപരിശോധിക്കാമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ കോടതിയെ അറിയിച്ചത്. കോൺഗ്രസിന് വേണ്ടി എൻ വേണുഗോപാലും മുസ്ലിം ലീഗിന് വേണ്ടി സൂപ്പി നരിക്കാട്ടേരിയുമാണ് അപ്പീൽ ഹർജി സമർപ്പിച്ചത്.