എറണാകുളം: കോടതിയലക്ഷ്യക്കേസിൽ വി ഫോർ കൊച്ചി നേതാവ് നിപുണ്‍ ചെറിയാന് ഹൈക്കോടതിയുടെ ജാമ്യമില്ല അറസ്റ്റ് വാറണ്ട്. തുടർച്ചയായി ആവശ്യപ്പെട്ടിട്ടും നേരിട്ട് ഹാജരാകാത്തതിനാലാണ് നടപടി. ഇന്ന് ഹാജരാകണമെന്ന് നിപുൺ ചെറിയാന് കോടതി കഴിഞ്ഞ തവണ അന്ത്യശാസനം നൽകിയിരുന്നു.
എന്നിട്ടും ഹാജരാകാതിരുന്നതിനെ തുടർന്നാണ് കോടതി ജാമ്യമില്ല അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. ജസ്റ്റിസ് എൻ നഗരേഷിനെതിരെ അപകീർത്തികരമായ രീതിയിൽ പരാമർശം നടത്തിയതിനെ തുടർന്നായിരുന്നു ഹൈക്കോടതി നിപുൺ ചെറിയാനെതിരെ ക്രിമിനൽ കോടതിയലക്ഷ്യ നടപടി സ്വീകരിച്ചത്. വി ഫോർ കൊച്ചിയുടെ സോഷ്യൽ മീഡിയ പേജിലുൾപ്പെടെ കോടതിയെ അപകീർത്തിപ്പെടുത്തും വിധം പ്രസംഗം പോസ്റ്റ് ചെയ്‌തിരുന്നു.
കഴിഞ്ഞ തവണ കോടതിയിൽ ഹാജരാകാൻ നിപുൺ എത്തിയെങ്കിലും പാർട്ടി പ്രവർത്തകരെ കൂടി പ്രവേശിപ്പിക്കണമെന്നാവശ്യപ്പെടുകയും തർക്കത്തിനൊടുവിൽ ഇയാൾ വിചാരണയ്ക്ക് ഹാജരാകാതെ തിരികെ പോകുകയുമായിരുന്നു.