കൊച്ചി: എന്‍റെ നാട് ജനകീയ കൂട്ടായ്മയുടെ പെയിൻ ആന്‍റ് പാലിയേറ്റീവ് കെയർ ട്രസ്റ്റിന്റെ കിടപ്പ് രോഗികൾക്കായുളള 'നന്മ' പാലിയേറ്റീവ് പെൻഷൻ പദ്ധതി അഡ്വ. ഡീൻ കുര്യാക്കോസ് എംപി നിർവഹിച്ചു. ചികിത്സാ ചെലവാണ് ജനങ്ങൾ അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രശ്‌നം. ഇത് വലിയ സാമ്പത്തിക ബാധ്യതയും സൃഷ്ടിക്കും. എന്‍റെ നാട് ജനകീയ കൂട്ടായ്മയുടെ ഇടപെടൽ ഇക്കാര്യത്തിൽ സഹായകരമാണെന്ന് പദ്ധതി ഉദ്ഘാടനം ചെയ്തുകൊണ്ട് ഡീൻ കുര്യാക്കോസ് പറഞ്ഞു.
അശരണരായ ആളുകളെ കൈപിടിച്ച് ഉയർത്തേണ്ടത് ഓരോ വ്യക്തിയുടെയും കടമയാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. തൃശൂർ ഭദ്രാസന മെത്രാപ്പോലീത്ത അഭി. ഏലിയാസ് മാർ അത്താനാസിയോസ് അനുഗ്രഹ പ്രഭാഷണം നടത്തി. ചെയർമാൻ ഷിബു തെക്കുംപുറം അധ്യക്ഷത വഹിച്ചു. എന്റെ നാട് ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തിൽ എല്ലാ പഞ്ചായത്തുകളിലും പാലിയേറ്റീവ് സെന്ററും, കോതമംഗലം താലൂക്കിൽ ശനി, ഞായർ ദിവസങ്ങളിൽ പ്രവർത്തിക്കുന്ന ഡയാലിസിസ് സെന്‍റർ ക്ലിനിക്കുകൾ ഉടൻ ആരംഭിക്കുമെന്നും ചെയർമാൻ പറഞ്ഞു. പദ്ധതിയുടെ ആദ്യ ഘട്ടത്തിൽ 500 നിർധനരായ കിടപ്പു രോഗികൾക്കാണ് പെൻഷൻ നൽകിയത്. രണ്ടാം ഘട്ടത്തിൽ കോതമംഗലം താലൂക്കിലെ 3000 കിടപ്പുരോഗികൾക്ക് പെൻഷൻ നൽകുമെന്നും അറിയിച്ചു. ചടങ്ങിൽ കേന്ദ്ര കമ്മറ്റി അംഗം ജോർജ് അമ്പാട്ട്, ഡാമി പോൾ, സി കെ സത്യൻ, ജോർജ്ജ് കുര്യപ്പ്, വനിതമിത്ര പ്രസിഡന്റ് ശലോമി എൽദോസ് സെക്രട്ടറി പി പ്രകാശ് എന്നിവർ പങ്കെടുത്തു.