എറണാകുളം: ലോകായുക്ത റിപ്പോര്‍ട്ടിനെതിരെ മന്ത്രി കെ.ടി ജലീല്‍ ഇന്ന് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കും. സംസ്ഥാന ന്യൂനപക്ഷ വികസന കോര്‍പ്പറേഷന്‍ ജനറല്‍ മാനേജരായി കെ.ടി അദീബിനെ നിയമിച്ചതിനെതിരായ ലോകായുക്ത റിപ്പോര്‍ട്ട് നിയമപരമല്ലെന്ന് ചുണ്ടിക്കാട്ടിയാണ് ഹർജി. വിജിലന്‍സും ഹൈക്കോടതിയും തള്ളിയ ആരോപണം ലോകായുക്ത ശരി വച്ചത് വസ്‌തുതകള്‍ പരിശോധിക്കാതെയാണെന്നാണ് ജലീലിന്‍റെ വാദം.
ന്യൂനപക്ഷ വികസന കോര്‍പ്പറേഷന്‍ ജനറല്‍ മാനേജര്‍ നിയമനത്തിനായി കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ നിശ്ചയിച്ച യോഗ്യതയില്‍ മാറ്റം വരുത്തിയത് നിയമാനുസൃതമാണെന്നും കെ.ടി ജലീല്‍ ഹര്‍ജിയില്‍ വ്യക്തമാക്കും.
ബന്ധുവായ കെ.ടി അദീബിനെ തല്‍സ്ഥാനത്തേക്ക് നിയമിച്ചത് നിയമവിരുദ്ധമാണെന്നും മുഖ്യമന്ത്രി നടപടി സ്വീകരിക്കണമെന്നും ലോകായുക്ത ഉത്തരവിറക്കിയിരുന്നു. മന്ത്രി കാണിച്ചത് സ്വജനപക്ഷപാതമെന്നാണ് ലോകായുക്ത വിധി.
കൂടുതല്‍ വായനയ്‌ക്ക്; ബന്ധു നിയമന വിവാദം; കെടി ജലീൽ കുറ്റക്കാരനെന്ന് ലോകായുക്ത
നിയമനം നല്‍കിയത് മുഖ്യമന്ത്രിയുടെ അറിവോടെയെന്ന് വ്യക്തമാക്കുന്ന തെളിവുകൾ കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. നിയമന യോഗ്യതയിൽ ഇളവ് നൽകാനുള്ള മന്ത്രിസഭ തീരുമാനത്തിൽ മുഖ്യമന്ത്രിയും ഒപ്പിട്ടിരുന്നു എന്ന് വ്യക്തമാക്കുന്ന രേഖയാണ് പുറത്തുവന്നത്.
കൂടുതല്‍ വായനയ്‌ക്ക്; ബന്ധു നിയമനം മുഖ്യമന്ത്രിയുടെ അറിവോടെ; യോഗ്യത മാറ്റിയ ഉത്തരവില്‍ പിണറായിയും ഒപ്പിട്ടു