കൊച്ചി: തീരദേശ പരിപാലന നിയമം ലംഘിച്ച മരടിലെ ഫ്ലാറ്റുകൾ പൊളിച്ചുനീക്കണമെന്നാവശ്യപ്പെട്ട് സിപിഐ ലോക്കൽ കമ്മിറ്റി ഇന്ന് നടത്താനിരുന്ന ധർണ മാറ്റിവെച്ചു. ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ ജില്ലയിൽ മാതൃകാ പെരുമാറ്റച്ചട്ടം നിലവിൽ വന്നതാണ് ധര്‍ണയില്‍ നിന്നും പിന്മാറാനുള്ള കാരണം.
സിപിഎം, യുഡിഎഫ് തുടങ്ങിയ പ്രമുഖ രാഷ്ട്രീയ കക്ഷികളെല്ലാം ഫ്ലാറ്റുകൾ പൊളിക്കുന്നതിനെതിരെ രംഗത്ത് വരുന്ന സാഹചര്യത്തിലാണ് സിപിഐ ഫ്ലാറ്റ് പൊളിക്കണമെന്നാവശ്യപ്പെട്ട് ധർണ സംഘടിപ്പിക്കാനിരുന്നത്. ഫ്ലാറ്റുകളിൽ താമസിക്കുന്ന ഉടമകളെ വഞ്ചിച്ചത് നിർമാതാക്കളാണെന്നും, അതിനാൽ നഷ്ടപരിഹാരം നിർമാതാക്കളിൽ നിന്നുതന്നെ ഈടാക്കണമെന്നുമാണ് സിപിഐ ആവശ്യപ്പെടുന്നത്.
അതേസമയം മരടിലെ കേസുമായി ബന്ധപ്പെട്ട് ചീഫ് സെക്രട്ടറി ടോം ജോസ് സുപ്രീം കോടതിയിൽ നേരിട്ട് ഹാജരാകും. മരടിലെ സുപ്രീം കോടതി വിധി നടപ്പാക്കാൻ സംസ്ഥാന സർക്കാർ തയ്യാറാണെന്നും എന്നാൽ ഇക്കാര്യത്തിൽ എന്തെങ്കിലും പോരായ്മ സംഭവിച്ചിട്ടുണ്ടെങ്കിൽ മാപ്പപേക്ഷിക്കുന്നതായും സംസ്ഥാന സർക്കാർ കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ പറയുന്നു.
ഈ മാസം 20നകം ഫ്ലാറ്റുകള്‍ പൊളിച്ച് നീക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് സുപ്രീകോടതിയുടെ ഉത്തരവ്. ഇത് പ്രകാരം മരട് നഗരസഭ ഫ്ലാറ്റുകൾ പൊളിക്കുന്നതിനുള്ള ഇ ടെൻഡർ ക്ഷണിക്കുകയും, അഞ്ചു ദിവസത്തിനുള്ളിൽ ഫ്ലാറ്റുകൾ ഒഴിയണമെന്ന് കാണിച്ച് ഈ മാസം പത്താം തീയതി ഫ്ലാറ്റ് ഉടമകൾക്ക് നോട്ടീസും നൽകിയിരുന്നു. സമയപരിധി അവസാനിച്ചെങ്കിലും ആരും ഇതുവരെ ഫ്ലാറ്റിൽ നിന്നും ഒഴിഞ്ഞിട്ടില്ല.