എറണാകുളം : കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ ശമ്പളം ഉറപ്പാക്കലിൽ സാവകാശം തേടി സർക്കാർ. കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് ഓഗസ്റ്റ് അഞ്ചാം തിയതി ശമ്പളം നൽകുന്നതിന് നടപടികളെടുക്കാൻ ഹൈക്കോടതി നേരത്തെ നിർദേശിച്ചിരുന്നു. ഇക്കാര്യം സംബന്ധിച്ച് കൃത്യമായി നിലപാട് അറിയിക്കാൻ ഒരു മാസം കൂടി സാവകാശം വേണമെന്നാണ് സർക്കാർ ഹൈക്കോടതിയിൽ ആവശ്യപ്പെട്ടത്.
ഒരു മാസത്തിനുള്ളിൽ വിശദമായ സത്യവാങ്മൂലം സമർപ്പിക്കാമെന്നും സർക്കാർ കോടതിയെ അറിയിച്ചു. കെ.എസ്.ആർ.ടി.സിയെ സ്വയം പര്യാപ്‌തമാക്കുകയാണ് സർക്കാരിന്‍റെ ലക്ഷ്യം. ഇതിനായി സുശീൽ ഖന്ന റിപ്പോർട്ട് നടപ്പിലാക്കാൻ ശ്രമിക്കുന്നുണ്ട്.
സർക്കാരിന് വിമർശനം : കഴിഞ്ഞ രണ്ട് വർഷമായി റിപ്പോർട്ടിലെ പല നിർദേശങ്ങളും നടപ്പിലാക്കി. തൊഴിലാളികളുടെ എതിർപ്പ് മൂലമാണ് റിപ്പോർട്ടിലെ പല തീരുമാനങ്ങളും നടപ്പിലാക്കാൻ വൈകിയതെന്നും സർക്കാർ പറഞ്ഞു. എന്നാൽ എല്ലാ കാര്യങ്ങളിലും തൊഴിലാളി യൂണിയനുകളെ കുറ്റപ്പെടുത്തുകയാണോ എന്ന് കോടതി ചോദിച്ചു.
കെ.എസ്.ആർ.ടി.സിയുടെ വരുമാനത്തിന്‍റെ നിശ്ചിത ഭാഗം ബാങ്ക് ലോണിനായി പോകുന്നു. ബാങ്ക് ലോണുകളുടെ തിരിച്ചടവ് സംബന്ധിച്ച് സർക്കാർ തീരുമാനമെടുത്തേ മതിയാകൂ എന്നും കോടതി നിർദേശിച്ചു.അതേസമയം യാത്ര ഇളവുകളുടെ ഇനത്തിൽ കോടിക്കണക്കിന് രൂപ സർക്കാരിൽ നിന്നും ലഭിക്കാനുണ്ടെന്ന് കെ.എസ്.ആർ.ടി.സി വ്യക്തമാക്കി.
യൂണിയനുകള്‍ക്ക് കോടതി നിർദേശം : എം.എൽ.എമാർ യാത്ര ചെയ്യാൻ കെ.എസ്.ആർ.ടി.സി ഉപയോഗിക്കാൻ സാധ്യതയില്ലാത്തതിനാൽ അവർക്കുള്ള യാത്ര ഇളവ് നിർത്തലാക്കേണ്ടതാണെന്ന് കോടതി പറഞ്ഞു. അതിനിടെ കെ.എസ്.ആർ.ടി.സിയെ പ്രവർത്തിക്കാൻ അനുവദിക്കണം എന്ന് യൂണിയനുകളോട് കോടതി നിര്‍ദേശിച്ചു. യൂണിയനുകൾ ഇപ്പോഴും സമരപാതയിലാണെന്നാണ് സർക്കാർ റിപ്പോർട്ട്. ഹൈക്കോടതി വിഷയം പരിഗണിക്കുമ്പോൾ സമരം എന്തിനാണെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ കുറ്റപ്പെടുത്തി.
ഹർജിയിൽ ഈ മാസം 17ന് ഹൈക്കോടതി വീണ്ടും വാദം കേൾക്കും. അതേസമയം കെ.എസ്.ആർ.ടി.സി ഏറ്റെടുക്കുന്നത് ആലോചനയിൽ ഇല്ലെന്ന് മറ്റൊരു ഹർജിയിൽ സർക്കാർ കോടതിയെ അറിയിച്ചു.