എറണാകുളം : കോൺഗ്രസിന്‍റെ ദേശീയ പാതാ ഉപരോധത്തിനിടെ നടൻ ജോജുവിൻ്റെ വാഹനം തകർത്ത പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യുമെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ സി.എച്ച്. നാഗരാജു. പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ട്. പ്രതികൾ ആരാണെങ്കിലും അറസ്റ്റ് ചെയ്യുമെന്നും കർശന നടപടി സ്വീകരിക്കുമെന്നും കമ്മിഷണർ വ്യക്തമാക്കി.
ജാമ്യമില്ലാവകുപ്പ് പ്രകാരമാണ് കേസെടുത്തത്. വാഹനം തകർത്ത പ്രതികളുടെ ദൃശ്യങ്ങൾ ഉൾപ്പടെ ലഭിച്ചിട്ടുണ്ട്. ജോജു അപമര്യാദയായി പെരുമാറിയെന്ന മഹിള കോൺഗ്രസ് പ്രവർത്തകരുടെ പരാതിയിൽ സത്യമില്ലെന്നാണ് പ്രാഥമിക പരിശോധനയിൽ വ്യക്തമായത്.
also read: ഇന്ധനവില വര്‍ധന; പരസ്പരം പഴിചാരി പ്രതിപക്ഷവും സര്‍ക്കാറും സഭയില്‍
വിശദമായ പരിശോധനയ്ക്ക് ശേഷം ആവശ്യമെങ്കിൽ മാത്രമേ കേസെടുക്കുകയുള്ളൂവെന്നും കമ്മിഷണർ വ്യക്തമാക്കി. കോൺഗ്രസിന്‍റെ ഹൈവേ ഉപരോധവുമായി ബന്ധപ്പെട്ട് രണ്ട് കേസുകളാണ് രജിസ്റ്റർ ചെയ്തത്.
ഒന്ന് റോഡ് ഉപരോധവുമായി ബന്ധപ്പെട്ടാണ്. രണ്ടാമത്തേത് ജോജുവിന്‍റെ പരാതിയിലാണ്. പ്രതികളെ കണ്ടെത്തിക്കൊണ്ടിരിക്കുകയാണ്. ജോജുവിന്‍റെ മൊഴി ഇന്നലെ തന്നെ രേഖപ്പെടുത്തിയെന്നും കമ്മിഷണർ പറഞ്ഞു.