എറണാകുളം: കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ സിപിഎം സംസ്ഥാന കമ്മിറ്റി അംഗവും കേരള ബാങ്ക് വൈസ് പ്രസിഡന്‍റുമായ എംകെ കണ്ണനെ ഇഡി ചോദ്യം ചെയ്യുന്നു (Karuvannur Bank Fraud Case). കൊച്ചിയിലെ ഇഡി ഓഫിസിലേക്ക് വിളിച്ച് വരുത്തിയാണ് രണ്ടാം തവണയും ഇഡി എംകെ കണ്ണനെ ചോദ്യം ചെയ്യുന്നത് (ED Questioning CPM Leader MK Kannan).
രാവിലെ തൃശ്ശൂരിൽ വച്ച് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്‌ച നടത്തിയ ശേഷമാണ് എംകെ കണ്ണൻ ഇഡി ഓഫിസിലെത്തിയത്. മുഖ്യമന്ത്രിയെ കണ്ടപ്പോൾ എന്ത് പറഞ്ഞുവെന്ന് ചോദിച്ചപ്പോൾ മുഖ്യമന്ത്രി തന്‍റെ നേതാവ് അല്ലേ, മുഖ്യമന്ത്രിയെ കണ്ടതും ഇതും തമ്മിൽ ബന്ധമില്ലെന്നായിരുന്നു പ്രതികരണം.
താൻ പാർട്ടിക്കാരനാണല്ലോ പിന്നെയെന്തിനാണ് പാർട്ടി സംരക്ഷണം ഉണ്ടാവുമോയെന്ന് ചോദിക്കുന്നതെന്നും എംകെ കണ്ണൻ ചോദിച്ചു. വടക്കാഞ്ചേരി നഗരസഭ കൗൺസിലറും സിപിഎം പ്രാദേശിക നേതാവുമായ പിആർ അരവിന്ദാക്ഷനെ ഇഡി അറസ്‌റ്റ് ചെയ്‌ത ശേഷം ചോദ്യം ചെയ്യുന്ന പ്രമുഖ നേതാവ് കൂടിയാണ് എംകെ കണ്ണൻ.
അതേ സമയം ഇന്നത്തെ ചോദ്യം ചെയ്യലിന് ശേഷം എംകെ കണ്ണനെ കരുവന്നൂർ കേസിൽ ഇഡി പ്രതി ചേർക്കുമോയെന്നത് ഏറെ നിർണ്ണായകമാണ്. ചോദ്യം ചെയ്യാൻ വിളിച്ച് വരുത്തി ഇഡി പീഡിപ്പിക്കുകയാണെന്ന് കഴിഞ്ഞ തവണ ചോദ്യം ചെയ്യലിന് ശേഷം എംകെ കണ്ണൻ ആരോപിച്ചിരുന്നു.
ഇഡി ഡെപ്യൂട്ടി ഡയറക്‌ടർ ഭീഷണിപ്പെടുത്തുകയാണന്നും താൻ ഇതിന് വഴങ്ങുന്ന ആളല്ലെന്ന് വ്യക്തമാക്കിയപ്പോൾ കേസെടുത്ത് ജയിലിലടക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും എംകെ കണ്ണൻ പറഞ്ഞിരുന്നു. അവരുടെ ചോദ്യത്തിന് അവർ ഉദ്ദേശിക്കുന്ന രീതിയിൽ ഉത്തരം പറയണമെന്നാണ് അവരുടെ ആവശ്യം. എന്നാൽ താൻ നടക്കില്ലെന്ന് ഉത്തരം നൽകി.
കരുവന്നൂർ കേസിലെ പ്രതി സതീഷ് കുമാറുമായി 30 വർഷത്തെ പരിചയമുണ്ട്. എന്നാൽ ഒരു സാമ്പത്തിക ഇടപാടുമില്ലെന്ന് വ്യക്തമാക്കിയിരുന്നു. എന്നാൽ സതീഷ് കുമാറുമായി എംകെ കണ്ണന് സാമ്പത്തിക ഇടപാട് ഉള്ളതായാണ് ഇഡി സംശയിക്കുന്നത്.
നേരത്തെ എംകെ കണ്ണൻ പ്രസിഡന്‍റായ തൃശൂർ സർവീസ് സഹകരണ ബാങ്കിൽ ഇഡി റെയ്‌ഡ് നടത്തിയിരുന്നു. എംകെ കണ്ണന്‍റെ സാന്നിധ്യത്തിലായിരുന്നു പരിശോധന നടത്തിയത്. ഇതിന്‍റെ തുടർച്ചയായാണ് എം കെ കണ്ണനെ ആദ്യ തവണ ചോദ്യം ചെയ്‌തത്.
കരുവന്നൂർ കേസിൽ എസി മൊയ്‌തീന് ശേഷം ഇഡി ചോദ്യം ചെയ്യുന്ന പ്രധാനപ്പെട്ട സിപിഎം നേതാവ് കൂടിയാണ് എംകെ കണ്ണൻ.