എറണാകുളം : സോളാർ കേസിൽ ഉമ്മൻ ചാണ്ടിയെ ഉൾപ്പെടുത്തിയതിന് പിന്നിലെ ദുരൂഹത പുറത്ത് കൊണ്ട് വരാൻ ജുഡീഷ്യൽ അന്വേഷണം നടത്തണമെന്ന് കെപിസിസി പ്രസിഡൻ്റ് കെ സുധാകരൻ (K Sudhakaran On Solar Case Judicial Inquiry). കൊച്ചിയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം (K Sudhakaran On Solar Case). ഒരു തരത്തിലും ഉമ്മൻ ചാണ്ടിക്ക് ബന്ധമില്ലാത്ത സംഭവത്തിൽ അദ്ദേഹത്തിൻ്റെ വ്യക്തിത്വം ഹനിക്കുന്ന (Depersonalization against Oommen Chandy) രീതിയിൽ കിരാതമായ പ്രചാരണമാണ് നടത്തിയത്.
ഇപ്പോൾ പുറത്ത് വന്നിരിക്കുന്ന തെളിവുകളെല്ലാം ഗൂഢാലോചനയുടെ ഫലമാണെന്ന് വ്യക്തമാക്കുന്നതാണ്. ജുഡീഷ്യൽ അന്വേഷണം നടത്തി വസ്‌തുത പുറത്ത് കൊണ്ട് വരണം. ഉമ്മൻ ചാണ്ടി നമ്മോടൊപ്പമില്ലെങ്കിലും അദ്ദേഹത്തിൻ്റെ വ്യക്തിത്വത്തെ കളങ്കപ്പെടുത്തുന്ന രീതിയിൽ നടന്ന പ്രചാരണത്തിൻ്റെ സത്യാവസ്ഥ സമൂഹത്തെ ബോധ്യപ്പെടുത്താനുള്ള ബാധ്യത പാർട്ടിക്കുണ്ട്. സർക്കാറിനും ഇതിൽ ഉത്തരവാദിത്വമുണ്ട്.
അടിയന്തരമായി ജുഡീഷ്യൽ അന്വേഷണം നടത്തി ഗൂഡാലോചന പുറത്ത് കൊണ്ടുവരണം. ഈ വിഷയത്തിൽ ഉമ്മൻ ചാണ്ടിയുടെ ആത്മാവ് എങ്കിലും ആശ്വസിക്കട്ടെയെന്നും കെ സുധാകരൻ അഭിപ്രായപ്പെട്ടു. അത് മൺമറഞ്ഞുപോയ ഉമ്മൻ ചാണ്ടിയോടുള്ള ഉത്തരവാദിത്വമായി കാണുന്നു. ആരാണ് ഗൂഢാലോചന നടത്തിയത്, എന്താണ് ഗൂഢാലോചന നടത്തിയത് എന്നെല്ലാം ജനങ്ങൾ അറിയട്ടെയെന്നും കെപിസിസി പ്രസിഡൻ്റ് പറഞ്ഞു.
രമേശ് ചെന്നിത്തല കോൺഗ്രസ് വർക്കിങ് കമ്മിറ്റിയിൽ ഉൾപ്പെടുത്താതിനെ കുറിച്ച് അന്തസായി അഭിപ്രായം രേഖപ്പെടുത്തിയിട്ടുണ്ട്. പാർട്ടിയത് ഗൗരവത്തോടെ പരിഗണിക്കണമെന്ന് താൻ ആവശ്യപ്പെടും. അദ്ദേഹത്തിന് പാർട്ടിയിൽ അർഹമായ സ്ഥാനം എന്നും ലഭിക്കുമെന്ന് താൻ ഉറപ്പ് നൽകുന്നു. അദ്ദേഹത്തിനുണ്ടായ വിഷമം സ്വാഭാവികമാണ്. അഖിലേന്ത്യ നേതൃത്വവുമായി തങ്ങളും അത് ആശയ വിനിമയം നടത്തിയെന്നും കെ സുധാകരൻ പറഞ്ഞു.
സോളാർ ഗൂഢാലോചനയില്‍ നിയമസഭയില്‍ അടിയന്തര പ്രമേയ ചർച്ച: ഇന്ന് ഒരു മണിക്കാണ് ചർച്ച തുടങ്ങുന്നത്. ഷാഫി പറമ്പില്‍ എംഎല്‍എയാണ് അടിയന്തര പ്രമേയത്തിന് നോട്ടിസ് നല്‍കിയത്. അടിയന്തര പ്രമേയത്തില്‍ സഭ നിർത്തിവച്ചാണ് ചർച്ച നടക്കുക. 15-ാം കേരള നിയമസഭയുടെ 9-ാം സമ്മേളനം ഇന്ന് പുനരാരംഭിച്ചപ്പോഴാണ് അടിയന്തര പ്രമേയമായി സോളാർ ഗൂഢാലോചന വന്നത്.
സോളാര്‍ ലൈംഗികാരോപണത്തില്‍ പുറത്ത് വന്ന സിബിഐ റിപ്പോര്‍ട്ടില്‍ ഉമ്മന്‍ ചാണ്ടിക്കെതിരെ നടന്നത് ഗൂഢാലോചനയാണെന്ന കാര്യം പുറത്ത് വന്നതിന് ശേഷം ചേരുന്ന ആദ്യ നിയമസഭ സമ്മേളനത്തില്‍ തന്നെ പ്രതിപക്ഷത്തിന് ലഭിച്ച ശക്തമായ ആയുധമാണ് ഇത്. ഉമ്മൻ ചാണ്ടിയുടെ മകൻ പുതുപ്പള്ളി എംഎല്‍എയായി സത്യപ്രതിജ്ഞ ചെയ്‌ത ദിവസം തന്നെയാണ് സോളാർ കേസില്‍ ഉമ്മൻ ചാണ്ടിക്ക് എതിരെ ഗൂഢാലോചന നടന്നുവെന്ന വിഷയത്തില്‍ ചർച്ച നടത്തുന്നത്. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് പരിഗണിച്ചാണ് നിയമസഭ സമ്മേളനം താത്കാലികമായി പിരിഞ്ഞത്.