എറണാകുളം : വടക്കഞ്ചേരി ബസ് അപകടവുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത കേസ് ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. അപകടത്തിന്‍റെ പശ്ചാത്തലത്തിൽ നിയമ ലംഘനം നടത്തുന്ന വാഹനങ്ങളുടെ ഫിറ്റ്നസ് അടക്കം റദ്ദാക്കാൻ ഹൈക്കോടതി നേരത്തെ ഇടക്കാല ഉത്തരവുകൾ പുറപ്പെടുവിച്ചിരുന്നു. ഈ ഉത്തരവിന്മേൽ നിലവിൽ സ്വീകരിച്ച നടപടികൾ സർക്കാർ ഇന്ന് കോടതിയെ അറിയിക്കും.
കെഎസ്ആർടിസി ബസുകളിലടക്കം പരസ്യങ്ങൾ പാടില്ലെന്നും രൂപമാറ്റം വരുത്തിയ വാഹനങ്ങൾ പിടിച്ചെടുക്കണമെന്നുമായിരുന്നു കോടതിയുടെ നിർദേശം. ഇതിന്‍റെ അടിസ്ഥാനത്തിൽ സംസ്ഥാനത്ത് മോട്ടോർ വാഹന വകുപ്പിന്‍റെ നേതൃത്വത്തിൽ വ്യാപക പരിശോധന നടന്നിരുന്നു. വടക്കഞ്ചേരി ബസ് അപകടത്തിൽ സ്‌കൂൾ അധികൃതർക്ക് വീഴ്‌ചപറ്റിയെന്നായിരുന്നു കോടതിയുടെ വിലയിരുത്തൽ.
സുരക്ഷാ മാനദണ്ഡം പാലിക്കാത്ത വാഹനം വിനോദ യാത്രയ്ക്ക് ഉപയോഗിച്ചതിനെ കോടതി വിമർശിച്ചിരുന്നു. ഉത്തരവ് പ്രകാരം വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ എക്സ്പോകളിൽ പോലും രൂപമാറ്റം വരുത്തിയ വാഹനങ്ങൾ ഉപയോഗിക്കാൻ പാടില്ല. ഇത്തരം വാഹനങ്ങളെ പ്രോത്സാഹിപ്പിക്കുന്ന വ്ളോഗർമാർക്കെതിരെയും നടപടി സ്വീകരിക്കാം.
ഇക്കാര്യത്തിൽ ഇതുവരെ സ്വീകരിച്ച നടപടികളാണ് മോട്ടോർ വാഹന വകുപ്പ് കോടതിയെ അറിയിക്കുക. ജസ്റ്റിസുമാരായ അനിൽ കെ നരേന്ദ്രൻ, പി.ജി അജിത്ത് കുമാർ എന്നിവരുടെ ഡിവിഷൻ ബഞ്ചാണ് ഇതുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുന്നത്.