എറണാകുളം : കോടതിയലക്ഷ്യക്കേസിൽ വി ഫോർ കൊച്ചി നേതാവ് നിപുൺ ചെറിയാന് നാലുമാസം തടവും പിഴയും വിധിച്ച് ഹൈക്കോടതി. സ്വമേധയാ എടുത്ത കോടതിയലക്ഷ്യ കേസിൽ കുറ്റക്കാരനെന്ന് കണ്ടെത്തിയാണ് ഹൈക്കോടതി നടപടി. ജസ്‌റ്റിസുമാരായ എ.കെ ജയശങ്കരൻ നമ്പ്യാർ, സി.പി മുഹമ്മദ് നിയാസ് എന്നിവരുൾപ്പെട്ട ഡിവിഷൻ ബഞ്ചാണ് ശിക്ഷ വിധിച്ചത്. സുപ്രീംകോടതിയിൽ അപ്പീൽ പോകാനായി ശിക്ഷ നടപ്പാക്കുന്നത് സ്‌റ്റേ ചെയ്യണമെന്ന നിപുണിന്‍റെ ആവശ്യം കോടതി തള്ളി.
ശിക്ഷ അനുഭവിച്ചുകൊണ്ടിരിക്കെ സുപ്രീംകോടതിയെ സമീപിക്കാമെന്നും ഹൈക്കോടതി കർശന നിലപാടെടുത്തു. നീതിന്യായ വ്യവസ്ഥയിലുള്ള ജനങ്ങളുടെ വിശ്വാസം നിപുൻ നഷ്‌ടമാക്കിയെന്നും വിദ്യാഭ്യാസമുള്ളവർ കോടതിയലക്ഷ്യം നടത്തുന്നത് അനുവദിക്കാൻ കഴിയില്ലെന്നും ശിക്ഷാവിധി പ്രസ്‌താവിക്കവെ ഹൈക്കോടതി വ്യക്തമാക്കി.
കേസ് ഇങ്ങനെ : ചെല്ലാനം മറുവക്കാട് പാടശേഖരത്തിലെ പൊക്കാളി കൃഷിയുമായി ബന്ധപ്പെട്ട് നടത്തിയ പ്രസംഗമാണ് കോടതിയലക്ഷ്യത്തിന് കാരണമായത്. ജസ്‌റ്റിസ് എൻ.നഗരേഷിനെതിരെ അഴിമതി ആരോപണം ഉന്നയിച്ച് നടത്തിയ പ്രസംഗം വി ഫോർ കൊച്ചിയുടെ ഫേസ്ബുക്ക് പേജിൽ പോസ്‌റ്റ് ചെയ്‌തിരുന്നു. തുടർന്നാണ് ഹൈക്കോടതി സ്വമേധയാ ക്രിമിനൽ കോടതിയലക്ഷ്യ നടപടി സ്വീകരിച്ചത്.
കേസിൽ നിരവധി തവണ ആവശ്യപ്പെട്ടിട്ടും നേരിട്ട് ഹാജരാകാതിരുന്നതിനെ തുടർന്ന് നിപുണിനെതിരെ ഹൈക്കോടതി ജാമ്യമില്ല വാറണ്ട് പുറപ്പെടുവിച്ചിരുന്നു. ഹാജരാകാനുള്ള അന്ത്യശാസനവും അംഗീകാതിരുന്നതോടെയാണ് ജാമ്യമില്ല വാറണ്ട് പുറപ്പെടുവിക്കുന്നത്. തുടര്‍ന്ന് പൊലീസ് അറസ്‌റ്റ് ചെയ്‌ത് ഹാജരാക്കുകയായിരുന്നു. അതേസമയം ഒരുതവണ കോടതിയിൽ ഹാജരാകാൻ നിപുൺ എത്തിയെങ്കിലും പാർട്ടി പ്രവർത്തകരെ കൂടി പ്രവേശിപ്പിക്കണമെന്നാവശ്യപ്പെടുകയായിരുന്നു. പിന്നീട് ഇതേതുടര്‍ന്നുള്ള തർക്കത്തിനൊടുവിൽ ഇയാൾ വിചാരണയ്ക്ക് ഹാജരാകാതെ തിരികെ പോവുകയായിരുന്നു. എം.വി ജയരാജനെതിരായ കോടതിയലക്ഷ്യ കേസിലെ ശിക്ഷാവിധിക്ക് ശേഷം, തടവ് വിധിക്കുന്ന പ്രധാനപ്പെട്ട രണ്ടാമത്തെ കേസാണിത്.
മുമ്പ് ബൈജു കൊട്ടാരക്കരയ്‌ക്കെതിരെയും കേസ് : കൊച്ചിയില്‍ നടിയെ ആക്രമിച്ച സംഭവവുമായി ബന്ധപ്പെട്ട കേസിനെ സംബന്ധിച്ച് നടന്ന ചാനല്‍ ചര്‍ച്ചക്കിടെ വിചാരണ കോടതി ജഡ്‌ജിക്കെതിരായ പരാമര്‍ശത്തില്‍ സംവിധായകൻ ബൈജു കൊട്ടാരക്കരയ്‌ക്കെതിരെ ഹൈക്കോടതി സ്വമേധയാ കോടതിയലക്ഷ്യക്കേസ് എടുത്തിരുന്നു. തുടര്‍ന്ന് കോടതിയലക്ഷ്യ കേസിൽ ഹൈക്കോടതിയിൽ നേരിട്ട് ഹാജരായി ബൈജു കൊട്ടാരക്കര മാപ്പപേക്ഷിച്ചിരുന്നു. കേസിൽ അടുത്ത തവണ മുതൽ നേരിട്ട് ഹാജരാകുന്നതിൽ നിന്നും ഒഴിവാക്കണമെന്നും ബൈജു കൊട്ടാരക്കര ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഈ ആവശ്യം കോടതി തള്ളി.
മാത്രമല്ല കേസിൽ രണ്ടാഴ്ചയ്ക്കകം വിശദീകരണം നൽകാനും ഡിവിഷൻ ബഞ്ച് നിർദേശിച്ചു. വിശദീകരണം പരിശോധിച്ച ശേഷം മാത്രമേ നേരിട്ട് ഹാജരാകുന്ന കാര്യത്തിൽ തീരുമാനമെടുക്കാൻ കഴിയൂവെന്നും ഹൈക്കോടതി അറിയിച്ചു. തുടര്‍ന്ന് ജഡ്‌ജിയെ ആക്ഷേപിക്കാനോ ജുഡീഷ്യറിയെ അപമാനിക്കാനോ ശ്രമിച്ചില്ലെന്ന് വ്യക്തമാക്കി ബൈജു കോടതിയിൽ നിരുപാധികം മാപ്പ് പറഞ്ഞു. ഇക്കാര്യവും രേഖാമൂലം സമർപ്പിക്കാൻ ഡിവിഷൻ ബെഞ്ച് ആവശ്യപ്പെട്ടു. ഇതിനുപിന്നാലെ ബൈജു കൊട്ടാരക്കര നിരുപാധികം മാപ്പ് പറഞ്ഞതിനെ തുടർന്നാണ് കേസ് തീർപ്പാക്കിയത്. കൂടാതെ കോടതിയെ അപമാനിക്കുന്ന രീതിയില്‍ ഇനി പ്രസ്‌താവനകളുണ്ടാവില്ലെന്നും ബൈജു രേഖമൂലം കോടതിയെ അറിയിച്ചിരുന്നു.