എറണാകുളം : ശബരിമല മണ്ഡല, മകരവിളക്ക് തീർഥാടനത്തിനെത്തുന്ന അയ്യപ്പ ഭക്തര്‍ക്ക് ഇടത്താവളങ്ങളിൽ ആവശ്യമായ സൗകര്യങ്ങൾ ഉറപ്പുവരുത്താൻ ദേവസ്വം ബോർഡുകൾക്ക് ഹൈക്കോടതിയുടെ നിർദേശം. സൗകര്യങ്ങൾ ഏർപ്പെടുത്തണം എന്നാവശ്യപ്പെട്ട് ശബരിമല സ്പെഷ്യൽ കമ്മിഷണർ നൽകിയ റിപ്പോർട്ടിലാണ് കോടതി ഉത്തരവ്. ഭക്തർക്ക് സൗകര്യങ്ങൾ ഒരുക്കുന്നതിൽ വീഴ്ചയുണ്ടായാൽ അക്കാര്യം സ്പെഷ്യൽ കമ്മിഷണർ മുഖേന കോടതിയെ അറിയിക്കാനും ദേവസ്വം ബഞ്ച് ഉത്തരവിട്ടു.
ഇടത്താവളങ്ങളിൽ ആവശ്യമായ സൗകര്യങ്ങൾ ദേവസ്വം ബോർഡ് ഉറപ്പുവരുത്തണം. ഈ സൗകര്യങ്ങൾ അസിസ്റ്റന്‍റ് ദേവസ്വം കമ്മിഷണർ പരിശോധിക്കണം. ഗുരുവായൂർ ക്ഷേത്രത്തിൽ ഡെപ്യൂട്ടി അഡ്‌മിനിസ്ട്രേറ്റര്‍ സൗകര്യങ്ങൾ വിലയിരുത്തണം.
ക്ഷേത്രോപദേശ സമിതികൾ ദേവസ്വം ഉദ്യോഗസ്ഥർക്ക് വേണ്ട സഹായങ്ങൾ നൽകണം. ഭക്തർക്ക് സൗകര്യങ്ങൾ ഒരുക്കുന്നതിൽ വീഴ്ചയുണ്ടായാൽ അക്കാര്യം സ്പെഷ്യൽ കമ്മിഷണർ മുഖേന കോടതിയെ അറിയിക്കണമെന്നും ജസ്റ്റിസുമാരായ അനിൽ കെ നരേന്ദ്രൻ, പി ജി അജിത്കുമാർ എന്നിവരടങ്ങിയ ദേവസ്വം ബഞ്ച് ഉത്തരവിട്ടു. തീർഥാടകർക്കായി തിരുവിതാംകൂർ, കൊച്ചി ദേവസ്വം ബോർഡുകൾക്ക് കീഴിൽ 59 ഇടത്താവളങ്ങൾ ഒരുക്കിയിട്ടുണ്ട്.
മണ്ഡല, മകരവിളക്കിനോടനുബന്ധിച്ച് ഗുരുവായൂർ ക്ഷേത്രത്തിലും പ്രത്യേക സൗകര്യമേർപ്പെടുത്തും. കെട്ടുനിറയ്ക്കും മാലയിടലിനുമായി ഗുരുവായൂരിൽ പ്രത്യേക സൗകര്യമുണ്ടാകും. ഇടത്താവളങ്ങളിൽ അന്നദാനം ഉണ്ടാകുമെന്നും തിരുവിതാംകൂർ ദേവസ്വം ബോർഡ് കോടതിയെ അറിയിച്ചിട്ടുണ്ട്.