കൊച്ചി : കോടതിയലക്ഷ്യ കേസില്‍ ഹൈക്കോടതിയിൽ ഹാജരാകാതെ എസ് എൻ ഡി പി യോഗം ( SNDP Yogam) ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ (Contempt of Court Case Against Vellappally Natesan). ചികിത്സയിലായതിനാൽ ഹാജരാകാനാകില്ലെന്ന് അദ്ദേഹം കോടതിയെ അറിയിക്കുകയായിരുന്നു. കൊട്ടിയം എസ് എന്‍ പോളിടെക്‌നിക് (SN Polytechnic Kottiyam) കോളജിലെ ജീവനക്കാരന് ആനുകൂല്യം നൽകണമെന്ന ഉത്തരവ് ലംഘിച്ചതിലാണ് വെള്ളാപ്പള്ളി നടേശനെതിരെ കോടതിയലക്ഷ്യ ഹർജി നല്‍കിയത്.
കോളജിന്‍റെ പ്രിൻസിപ്പാൾ കോടതിയിൽ ഹാജരായിരുന്നു. ഉത്തരവ് നടപ്പാക്കാന്‍ സർക്കാരിൽ നിന്നും അനുമതി ലഭിക്കേണ്ടതുണ്ടെന്ന് പ്രിൻസിപ്പാൾ കോടതിയെ അറിയിച്ചു. എന്നാല്‍ രണ്ടാഴ്ചയ്‌ക്കുള്ളിൽ തീരുമാനമായില്ലെങ്കിൽ വെള്ളാപ്പള്ളി ഉൾപ്പടെയുള്ളവർ ഹാജരാകേണ്ടി വരുമെന്ന് കോടതി ആവർത്തിച്ചു. തുടര്‍ന്ന് ഹർജി ഹൈക്കോടതി രണ്ടാഴ്ച കഴിഞ്ഞ് പരിഗണിക്കാനായി മാറ്റി.
തനിക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങള്‍ നൽകണമെന്ന ഉത്തരവ് ലംഘിക്കപ്പെട്ടെന്ന് ചൂണ്ടിക്കാട്ടി കോളജിലെ ജീവനക്കാരനായ കെ കെ ശ്യാമാണ് (KK Shyam) കോടതിയലക്ഷ്യ ഹർജി നൽകിയിട്ടുള്ളത്. ഹർജിക്കാരന് നിരവധി ആനുകൂല്യങ്ങള്‍ ലഭിക്കാനുണ്ടായിരുന്നു. ലഭിക്കേണ്ട ഇന്‍ക്രിമെന്‍റ് ഉള്‍പ്പടെ തടയുകയും ചെയ്തിരുന്നു.
ആനുകൂല്യങ്ങള്‍ കണക്കാക്കി രണ്ട് മാസത്തിനകം നല്‍കാമെന്നായിരുന്നു വെള്ളാപ്പള്ളി നടേശന്‍റെ അഭിഭാഷകന്‍ കഴിഞ്ഞ ഒക്ടോബറില്‍ നല്‍കിയ ഉറപ്പ്. എന്നാല്‍ ഈ ഉറപ്പ് ആറ് മാസത്തിന് ശേഷവും പാലിക്കാന്‍ തയ്യാറായില്ല. തുടർന്നാണ് വെള്ളാപ്പള്ളി നടേശനെതിരെ കെ കെ ശ്യാം വീണ്ടും കോടതിയലക്ഷ്യ ഹര്‍ജി നല്‍കിയത്.