കൊച്ചി: നിയമസഭാ ഉപതെരഞ്ഞെടുപ്പിനായി എറണാകുളം മണ്ഡലത്തിൽ നാമനിർദേശ പത്രിക സമർപ്പിച്ചത് പതിനൊന്ന് സ്ഥാനാർഥികള്‍. 11 സ്ഥാനാര്‍ഥികള്‍ക്കായി 17 പത്രികകളാണ് സമര്‍പ്പിക്കപ്പെട്ടത്. റിട്ടേണിങ് ഓഫീസർ എസ് ഷാജഹാന് മുമ്പാകെ കലക്ടറേറ്റിലും, അസി. റിട്ടേണിങ് ഓഫീസർ എൻ ജെ ഷാജിമോന് മുമ്പാകെ എറണാകുളം സിറ്റി റേഷനിങ് ഓഫീസിലുമാണ് സ്ഥാനാർഥികൾ പത്രിക സമർപ്പിച്ചത്.
സമാജ് വാദി ഫോർവേഡ് ബ്ലോക്ക് സ്ഥാനാർഥി അബ്ദുല്‍ ഖാദർ വാഴക്കാല, ബിജെപി സ്ഥാനാർഥി സി ജി രാജഗോപാൽ, ബിജെപി ഡമ്മി സ്ഥാനാർഥി ബാലഗോപാല ഷേണായ്, യുണൈറ്റഡ് കോൺഗ്രസ് പാർട്ടി സ്ഥാനാർഥി ബോസ്കോ കളമശ്ശേരി, സ്വതന്ത്ര സ്ഥാനാര്‍ഥി ജെയ്സൺ തോമസ് എന്നിവർ റിട്ടേണിങ് ഓഫീസര്‍ക്ക് മുമ്പാകെ പത്രിക സമർപ്പിച്ചു. പത്രികകളുടെ സൂക്ഷ്മ പരിശോധന നാളെ രാവിലെ 11ന് കലക്ടറേറ്റിലെ സ്പാർക്ക് ഹാളിൽ നടക്കും. ഒക്ടോബർ മൂന്നാണ് നാമനിർദ്ദേശ പത്രിക പിൻവലിക്കാനുള്ള അവസാന തീയതി. നാലാം തീയതി സ്ഥാനാർഥികൾക്ക് ചിഹ്നം അനുവദിക്കും.