എറണാകുളം: കൊച്ചി ബ്രോഡ് വേ മാർക്കറ്റിലെ വ്യവസായിയെ കുത്തി കൊലപ്പെടുത്തിയ കേസിൽ എറണാകുളം അഡീഷണൽ സെഷൻസ് കോടതി ഇന്ന് വിധി പറയും. 2013ലാണ് വ്യവസായിയും പൊതു പ്രവർത്തകനുമായ ഷംസുദ്ദീൻ നെട്ടൂർ മാർക്കറ്റ് റോഡിൽ വെച്ച് കുത്തേറ്റ് മരിച്ചത്. മരട് സ്വദേശി കാരപ്പായി ജോഷിയുമായുണ്ടായ വസ്തുക്കച്ചവടം സംബന്ധിച്ച തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. സംഭവ ദിവസം പ്രതി ജോഷി വാക്ക് തർക്കത്തിനൊടുവിൽ ഷംസുദ്ദീനെ കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് കേസ്.
ദൃക്സാക്ഷികളില്ലാത്ത കേസിൽ സാഹചര്യ തെളിവുകളുടെയും ശാസ്ത്രീയ തെളിവുകളുടെയും അടിസ്ഥാനത്തിലാണ് കുറ്റപത്രം സമർപ്പിച്ചത്. 28 സാക്ഷികളെയാണ് കേസിൽ ആകെ വിസ്തരിച്ചത്. പ്രധാന സാക്ഷികൾ ഒഴികെയുള്ളവർ വിചാരണ മധ്യേ കൂറുമാറിയിരുന്നു. എറണാകുളം അഡീഷണൽ സെഷൻസ് ജഡ്‌ജി കെ.ബിജു മേനോനാണ് കേസിൽ വിധി പറയുക. ബ്രോഡ് വേയിൽ കിങ് ഷൂമാർട്ട് എന്ന സ്ഥാപനം നടത്തിയിരുന്ന 59കാരനായ ഷംസുദ്ദീന്‍റെ കൊലപാതകം കൊച്ചി നഗരത്തെ നടുക്കിയ സംഭവമായിരുന്നു.