എറണാകുളം : പൊലീസ് സ്‌റ്റേഷനിൽ ബഹളമുണ്ടാക്കിയതിനെ തുടർന്ന് നടൻ വിനായകൻ അറസ്‌റ്റിൽ. എറണാകുളം നോർത്ത് പൊലീസാണ് വിനായകനെ ഇന്ന് അറസ്‌റ്റ് ചെയ്‌തത് (Actor Vinayakan Arrested). കുടുംബ പ്രശ്‌നവുമായി ബന്ധപ്പെട്ട വിനായകന്‍റെ പരാതിയിൽ കലൂരിലുള്ള വിനായകന്‍റെ ഫ്ലാറ്റിലെത്തി ഇന്ന് വൈകുന്നേരം പൊലീസ് അന്വേഷണം നടത്തിയിരുന്നു.
ഈ പ്രശ്‌നം ചർച്ച ചെയ്‌ത പൊലീസ് ഇവിടെ നിന്നും മടങ്ങിയിരുന്നു. ഇതിനു പിന്നാലെ പൊലീസ് സ്‌റ്റേഷനിലേക്ക് വിനായകൻ വീണ്ടും വിളിച്ചു. എന്നാൽ പൊലീസുകാർ ഇത് കാര്യമായെടുത്തിരുന്നില്ല.
തുടർന്ന് എറണാകുളം നോർത്ത് സ്‌റ്റേഷനിലെത്തിയ വിനായകൻ പൊലീസുകാരുമായി തട്ടിക്കയറി ബഹളം വയ്‌ക്കുകയായിരുന്നു. ഇതേ തുടർന്നാണ് ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തിയതിന് നടനെതിരെ പൊലീസ് കേസ് രജിസ്‌റ്റർ ചെയ്‌തത്.
ALSO READ:Vinayakan | ഫേസ്‌ബുക്ക് ലൈവ്: നടൻ വിനായകന്‍റെ കൊച്ചിയിലെ ഫ്ലാറ്റിന് നേരെ ആക്രമണം
പൊതുസ്ഥലത്ത് നിയന്ത്രിക്കാനാകാതെ പെരുമാറുക, സർക്കാർ ഉദ്യോഗസ്ഥരോട് അന്യായമായി പെരുമാറുക തുടങ്ങി സ്‌റ്റേഷനിൽ നിന്നും ജാമ്യം നൽകാവുന്ന വകുപ്പുകൾ പ്രകാരമാണ് പൊലീസ് കേസെടുത്തത്. വിനായകൻ മദ്യലഹരിയിലായിരുന്നുവെന്നാണ് പൊലീസിന്‍റെ ആരോപണം.
പൊലീസ് എറണാകുളം ജനറൽ ആശുപത്രിയിലെത്തിച്ച് വിനായകനെ വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കി. വൈദ്യ പരിശോധനയിൽ വിനായകൻ മദ്യപിച്ചതായി വ്യക്തമായിട്ടുണ്ട്. നിലവിൽ വൈദ്യ പരിശോധന പൂർത്തിയാക്കിയ ശേഷം വിനായകനെ എറണാകുളം നോർത്ത് സ്‌റ്റേഷനിൽ എത്തിച്ചിരിക്കുകയാണ്.
ALSO READ: Vinayakan | ഉമ്മൻ ചാണ്ടിയെ അധിക്ഷേപിച്ചെന്ന പരാതി: നടൻ വിനായകനെ പൊലീസ് ചോദ്യം ചെയ്‌തു
നടൻ വിനായകനെ പൊലീസ് ചോദ്യം ചെയ്‌തു: അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ സമൂഹ മാധ്യമത്തിലൂടെ അധിക്ഷേപിച്ച കേസിൽ നടനായ വിനായകനെ പൊലീസ് ചോദ്യം ചെയ്‌തു. എറണാകുളം കലൂരിലെ ഫ്ലാറ്റിലെത്തിയാണ് നോർത്ത് പൊലീസ് നടനെ ചോദ്യം ചെയ്‌തിരുന്നത് (Actor Vinayakan Questioned By Police Regarding Controversial Face Book Live).
തുടർന്ന് വിനായകന്‍റെ ഫോൺ പൊലീസ് കസ്‌റ്റഡിയിലെടുത്തfിരുന്നു. അന്വേഷണത്തിന്‍റെ ഭാഗമായി വീഡിയോ ചിത്രീകരിച്ചിരുന്ന ഫോൺ ശാസ്‌ത്രീയമായ പരിശോധനകൾക്ക് വിധേയമാക്കും. പൊലീസ് സ്‌റ്റേഷനിൽ ഹാജരാകാൻ വിനായകനോട് ആവശ്യപ്പെട്ടിരുന്നെങ്കിലും അദ്ദേഹം എത്തിയിരുന്നില്ല.
ഇതിനെ തുടർന്നാണ് പൊലീസ് നേരിട്ടെത്തി വിനായകനെ ചോദ്യം ചെയതത്. അതേസമയം മാധ്യമങ്ങൾ തുടർച്ചയായി ഉമ്മൻ ചാണ്ടിയുടെ വിലാപയാത്ര സംപ്രേഷണം ചെയ്‌തതിനെ തുടർന്നാണ് താൻ ഫേസ് ബുക്ക് ലൈവിലൂടെ വിമർശനം ഉന്നയിച്ചതെന്നും കൂടാതെ പെട്ടന്നുണ്ടായ പ്രകോപനത്തിൽ സംഭവിച്ച് പോയതാണെന്നും നടൻ പൊലീസിനോട് മൊഴി നൽകിയതായാണ് വിവരം.