ന്യൂഡൽഹി: സിപിഎം കേന്ദ്ര കമ്മിറ്റി നാളെ മുതൽ ഡൽഹിയിൽ നടക്കും. ഞായറാഴ്ച വരെയാണ് യോഗം. ലോക്സഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടി ഉൾപ്പടെയുള്ള കാര്യങ്ങൾ കമ്മിറ്റി ചർച്ച ചെയ്യും.
കേരളത്തില്‍ 20ൽ 19 സീറ്റിലും ഏറ്റുവാങ്ങിയ കനത്ത തിരിച്ചടിയിൽ നിന്നും തിരിച്ചു കയറാനുള്ള ശ്രമങ്ങളിലാണ് സിപിഎം. പക്ഷേ അത് എങ്ങനെ വേണമെന്നതിൽ നേതൃത്വത്തിന് വ്യക്തത വരുത്താനായിട്ടില്ല. പ്രത്യേകിച്ചും ശബരിമല വിഷയത്തിൽ അകന്നുപോയ വിശ്വാസികളുടെ കാര്യത്തിൽ. അഞ്ച് ശതമാനം വോട്ടു കുറഞ്ഞു എന്നാണ് സിപിഎം സംസ്ഥാന സമിതി പറയുന്നത്. ഇതിനുള്ള കാരണങ്ങളായി ന്യൂനപക്ഷ ഏകീകരണം, രാഹുൽ ഇഫക്ട് എന്നൊക്കെ പറയുന്നുണ്ടെങ്കിലും പ്രധാന കാരണം ശബരിമല വിഷയം തന്നെയാണ്. ഒരു വിഭാഗം വിശ്വാസികളെ കോൺഗ്രസും ബിജെപിയും തെറ്റിദ്ധരിപ്പിച്ചു എന്നാണ് സിപിഎം പറയുന്നത്. എന്നാൽ സിപിഎം പോലെ സംഘടന ശേഷിയുള്ള ഒരു പാർട്ടിക്ക് തെറ്റിദ്ധാരണകൾ തിരുത്താൻ സാധിച്ചില്ല. ഇത് സംഘടനപരമായി പരിശോധിക്കേണ്ട വിഷയമാണ്.
റെക്കോഡ് കുടുംബയോഗങ്ങളാണ് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിൽ സിപിഎം ഇത്തവണ സംഘടിപ്പിച്ചത്. അതും സുപ്രീംകോടതി വിധിയുടെ പകർപ്പും, കോടതിയിൽ ഇടതു സർക്കാർ നൽകിയ സത്യവാങ്മൂലവുമൊക്കെ ഉൾപ്പെടുത്തി. എന്നാൽ ഇതെല്ലാം വിശ്വാസികൾ തള്ളിക്കളഞ്ഞു എന്നതാണ് തെരഞ്ഞെടുപ്പ് ഫലം നൽകുന്ന സൂചന. തിരിച്ചടിയെ മറികടക്കാനുള്ള പ്രവർത്തനം എങ്ങനെ വേണമെന്ന ആലോചനയാണ് ഇപ്പോൾ നടക്കുന്നത്. വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ ഡൽഹിയിൽ നടക്കുന്ന കേന്ദ്രകമ്മിറ്റി യോഗത്തിലും ഈ വിഷയം തന്നെയാകും ചർച്ചാവിഷയം.
സംസ്ഥാന സമിതിയിൽ ശബരിമല വിഷയം കൈകാര്യം ചെയ്തതിലെ അപാകതകൾ സംബന്ധിച്ച വിമർശനം കേന്ദ്രകമ്മിറ്റിയിലും പ്രതിഫലിക്കും. ബ്രാഞ്ച് തലം മുതലുളള പ്രവർത്തനമാണ് ഇക്കാര്യത്തിൽ സിപിഎം ആലോചിക്കുന്നത്.
ശബരിമല വിഷയത്തിൽ തെറ്റുപറ്റിയിട്ടില്ലെന്ന് ഭരണഘടനാപരമായ ബാധ്യത നിർവഹിക്കുകയും ചെയ്തു എന്ന നിലപാട് മുഖ്യമന്ത്രി ആവർത്തിക്കുകയാണ് സംസ്ഥാന സമിതിയിൽ ചെയ്തത്. ഈ വിഷയത്തിൽ ജനറൾ സെക്രട്ടറി സീതാറാം യെച്ചൂരി പങ്കെടുത്ത യോഗത്തിൽ പ്രതിനിധികൾ വിമർശനം ഉന്നയിക്കുകയും ചെയ്തു. ഇതേ വിമർശനങ്ങൾ കേന്ദ്രകമ്മിറ്റിയിലും ഉറപ്പാണ്.
ജനങ്ങൾക്കിടയിലും മുഖ്യമന്ത്രിയുടെ നിലപാടിനോട് വിമർശനമുണ്ടെന്നാണ് സിപിഎം കീഴ്ഘടങ്ങൾക്കുളള നിലപാട്. ഇത് മറികടക്കാൻ ഘട്ടംഘട്ടമായുള്ള പ്രവർത്തനങ്ങളാകും പാർട്ടി തയ്യാറാക്കുക. പാർട്ടി അംഗങ്ങളുടെ കുടുംബാംഗങ്ങൾ പോലും പാർട്ടിക്ക് വോട്ട് ചെയാത്ത സാഹചര്യം ഉണ്ടെന്നാണ് കീഴ്ഘടകങ്ങൾ സംസ്ഥാന കമ്മിറ്റിയിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഈ വെല്ലുവിളികൾ മറികടക്കാൻ സംഘടനാപരമായ പ്രവർത്തനങ്ങൾക്കും സിപിഎം രൂപം നൽകും. മൂന്നുദിവസത്തെ കേന്ദ്ര കമ്മിറ്റിക്ക് ശേഷം ഇക്കാര്യത്തിൽ വ്യക്തത വരും.
ആറ് നിയമസഭാ മണ്ഡലങ്ങളിൽ നടക്കാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പിലും തുടർന്നു വരുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പിനും മുന്നോടിയായി ജനങ്ങൾക്കിടയിൽ ഇറങ്ങിയുള്ള പ്രവർത്തനങ്ങൾ സിപിഎമ്മിന്‍റെ നിലനിൽപ്പിന് ആവശ്യമാണ്.