ആലപ്പുഴ: ഭരണസിരാ കേന്ദ്രമായ സെക്രട്ടേറിയറ്റ് അഴിമതിയുടെ ഹബ്ബായി മാറിയെന്ന് കെ.പി.സി.സി സെക്രട്ടറി കെ.പി ശ്രീകുമാർ. സ്വർണക്കടത്ത് കേസുമായി മന്ത്രി ടിഎം തോമസ് ഐസക്കിന് ബന്ധമുണ്ടെന്നാരോപിച്ച് കോൺഗ്രസ് നടത്തിയ മാർച്ച് ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്വർണ്ണക്കടത്ത് കേസിലെ ആരോപണ വിധേയരുമായി ധനമന്ത്രി ടി.എം തോമസ് ഐസക്കിനുള്ള ബന്ധം പുറത്ത് വന്നിട്ടുണ്ട്. അതുകൊണ്ട് തന്നെ കേസിൽ നീതിയുക്തമായ അന്വേഷണം നടക്കില്ല.
ഇതിനായി ഡോ. ടി.എം തോമസ് ഐസക്കിനെ മന്ത്രിസഭയില്‍ നിന്നും മാറ്റിനിർത്തി കേസിൽ അദ്ദേഹത്തിന്‍റെ പങ്കിനെ സംബന്ധിച്ച് അന്വേഷണം പ്രഖ്യാപിക്കണമെന്ന് ശ്രീകുമാർ ആവശ്യപ്പെട്ടു. കൊവിഡ് കാലത്ത് രാഷ്ട്രീയം പറയരുതെന്നാണ് പിണറായി പറയുന്നത്. കൊവിഡ് കാലത്ത് രാഷ്ട്രീയം പറയാൻ ആഗ്രഹിക്കുന്നവരല്ല തങ്ങളെന്നും എന്നാൽ സമരമുഖത്തേക്ക് തള്ളിവിടുന്ന രാഷ്ട്രീയ സാഹചര്യമാണ് നിലവിലുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.