ആലപ്പുഴ : ആരോഗ്യ മേഖലയിൽ മൂന്നു വർഷങ്ങൾക്കുള്ളിൽ 5200 തസ്തികകൾ സൃഷ്ടിച്ചുവെന്ന് ആരോഗ്യ കുടുംബക്ഷേമ വകുപ്പ് മന്ത്രി കെ.കെ.ഷൈലജ ടീച്ചർ. തുറവൂർ താലൂക്ക് ആശുപത്രിയിലെ ട്രോമാ കെയർ സെന്‍ററിന്‍റെയും ബഹുനില ആശുപത്രി മന്ദിരത്തിന്റെയും ശിലാസ്ഥാപനവും നവീകരിച്ച ദന്തൽ യൂണിറ്റിന്റെ ഉദ്ഘടനവും നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. പുതുതായി തസ്തികകൾ സൃഷ്ടിക്കുമ്പോൾ കോടി കണക്കിന് രൂപയാണ് ധനകാര്യ വകുപ്പ് ചെലവഴിക്കേണ്ടി വരുന്നത്. പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള 1.2ഏക്കർ ഭൂമിയിലാണ് ആറു നിലകളിലായി പുതിയ ഐ പി ബ്ലോക്കും ട്രോമാ കെയർ സെന്ററും വിഭാവനം ചെയ്തിട്ടുള്ളത്.
താഴത്തെ നിലയിൽ ആധുനിക സംവിധാനങ്ങളോടു കൂടിയ ട്രോമാ കെയർ സെന്ററും എക്‌സ് റേ, സി ടി സ്‌കാൻ എന്നിവയും ഒന്നാം നിലയിൽ ഓപ്പറേഷൻ തിയേറ്റർ ഐ സി യു എന്നിവയും രണ്ട് മൂന്ന് നാലു അഞ്ചു നിലകളിലായി 150 രോഗികൾക്ക് കിടക്കാൻ സാധിക്കുംവിധത്തിലുള്ള വാർഡുകളുമാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. രണ്ടു നില കൂടി അധികമായി ചെയ്യാൻ സാധിക്കുന്ന രീതിയിലാണ് കെട്ടിടം രൂപകൽപ്പന ചെയ്തിട്ടുള്ളത്.
കേരളത്തിലെ ഒരു നല്ല ശതമാനം ആളുകൾ അപകടങ്ങളിലൂടെയാണ് മരിക്കുന്നത്. ഇത് മുൻപിൽ കണ്ടാണ് ട്രോമാ കെയർ യൂണിറ്റ് തുടങ്ങാൻ സർക്കാർ തീരുമാനിച്ചത്. ആദ്യ ഘട്ടത്തിൽ കോഴിക്കോട്, തിരുവനന്തപുരം ജില്ലകളിലെ മെഡിക്കൽ കോളേജുകളിലെ ട്രോമാ കെയർ യൂണിറ്റിന്റെ പണികൾ ഏകദേശം പൂർത്തിയായി കഴിഞ്ഞു.
രണ്ടാം ഘട്ടത്തിൽ ആലപ്പുഴ ഉൾപ്പെടെ ഉള്ള മെഡിക്കൽ കോളജുകളിൽ ആരംഭിക്കും. കൂടാതെ ആദ്യ ഘട്ടത്തിൽ ഹൈവേ സൈഡ് ഉള്ള 35 ആശുപത്രികളിലും ട്രോമാ കെയർ പദ്ധതി ആരംഭിക്കുന്നുണ്ട്. ക്രോമ കെയർ യൂണിറ്റിന്റെ ഭാഗമായി പദ്ധതിയിലൂടെ കേരളത്തിൽ പുതുതായി 315 ആംബുലൻസുകൾ പ്രവർത്തനം ആരംഭിക്കും. ഓരോ 30 കിലോമീറ്റർ ഇടവിട്ട് ആംബുലൻസിന്റെ സേവനം ലഭ്യമാക്കുമെന്നും മന്ത്രി കൂട്ടി ചേർത്തു.
ആലപ്പുഴ എം പി അഡ്വ. എ എം ആരിഫ് അധ്യക്ഷത വഹിച്ച ചടങ്ങിൽ കേരള സ്റ്റേറ്റ് ഹൗസിംഗ് ബോർഡ് ചീഫ് എൻജിനീയർ രാജീവ് കരിയിൽ റിപ്പോർട്ട് അവതരിപ്പിച്ചു.