ആലപ്പുഴ: പട്ടണക്കാട് പഞ്ചായത്തില്‍ തൊഴിലുറപ്പ് പദ്ധതിയുമായി ചേര്‍ന്ന് നടപ്പാക്കിയ പൂ കൃഷി പദ്ധതി വന്‍വിജയമായി. 19 വാര്‍ഡുകളിലും പൂകൃഷി പദ്ധതി ഫലമണിഞ്ഞു. ഓരോ വ്യക്തിയും സ്വന്തം സ്ഥലത്തും ഒഴിഞ്ഞ പറമ്പുകളിലുമായാണ് കൃഷി ആരംഭിച്ചത്. വീട്ടുമുറ്റത്തെ ഒരു സെന്‍റ് സ്ഥലം മുതല്‍ വലിയ പറമ്പുകള്‍ വരെ കൃഷിക്കായി ഒരുക്കിയെടുത്തു. നീണ്ട കാലത്തെ അധ്വാനത്തിലൂടെയാണ് മികച്ച വിളവ് ലഭിച്ചത്. അധിക പരിപാലനമോ, രോഗകീടങ്ങളുടെ ആക്രണമോ ബന്ദിക്കില്ല. എല്ലുപൊടിയും, ചാണകവുമാണ് പ്രധാനമായും വളമായി ഉപയോഗിക്കുന്നത്.
നട്ട് ഒന്നരമാസക്കാലമാകുമ്പോള്‍ തന്നെ പൂക്കള്‍ ലഭിച്ചുതുടങ്ങും. നാലാം വാര്‍ഡില്‍ 25ഓളം എസ്.സി കുടുംബങ്ങളിലെ വനിതകള്‍ ചേര്‍ന്നാണ് പൂകൃഷി നടത്തുന്നത്. ഡിസംബറിലാണ് കൃഷിക്കായി നിലമൊരുക്കിയത്. ഫെബ്രുവരി മുതല്‍ പൂക്കള്‍ ലഭിച്ച് തുടങ്ങി. ഉത്സവ കാലമായതിനാല്‍ അമ്പലങ്ങളിലേക്കും പൂക്കടകളിലേക്കും പൂവിനു ആവശ്യം വര്‍ധിച്ചിട്ടുണ്ട്. തൊഴിലുറപ്പ് ജോലിയുടെ സ്ഥിരം സ്വഭാവത്തില്‍ നിന്ന് വ്യത്യസ്തമായി സാധാരണക്കാരായ സ്ത്രീകള്‍ക്ക് അധിക വരുമാനവും, പുതിയ തൊഴിലറിവും നല്‍കുന്നതാണ് ഇത്തരമൊരു പദ്ധതിയെന്ന് പഞ്ചായത്ത് അംഗം പത്മ സതീഷ് പറഞ്ഞു.
സ്വന്തമായി അധ്വാനിക്കാന്‍ മനസുള്ള സ്ത്രീകള്‍ക്ക് മികച്ച രീതിയിലുള്ള വരുമാന മാര്‍ഗമായി ഒഴിഞ്ഞ സ്ഥലങ്ങളെ മാറ്റിയെടുക്കുന്നതിലൂടെ പ്രകൃതി സംരക്ഷണത്തിലേക്കും പൂകൃഷി വഴിതുറക്കുമെന്ന് പട്ടണക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് കെ.ആര്‍ പ്രമോദ് പറഞ്ഞു. ആദ്യഘട്ടത്തില്‍ തന്നെ വിജയം കണ്ട പദ്ധതി തൊഴിലുറപ്പ് തൊഴിലാളികളുടെ സഹായത്തോടെ ഓണനാളുകള്‍ ലക്ഷ്യമിട്ട് വീണ്ടും തുടരാനുള്ള നിശ്ചയദാർഢ്യത്തിലാണ് പഞ്ചായത്ത്.