ആലപ്പുഴ: ആലപ്പുഴയിൽ ഡിവൈഎഫ‌്ഐ പ്രാദേശിക നേതാവിനുനേരെയാണ് ലഹരി മാഫിയയുടെ ആക്രമണം നടന്നത്. ഡിവൈഎഫ്ഐ കൊമ്മാടി മേഖലാ പ്രസിഡന്റ് സച്ചിൻ ജേക്കബിനെ (23)യാണ‌് ലഹരി മരുന്ന് മാഫിയ ആക്രമിച്ചത‌്. ഒപ്പമുണ്ടായിരുന്ന ലെനിനും (32) പരിക്കേറ്റു. തലക്ക‌് പരിക്കേറ്റ സച്ചിനെ ആലപ്പുഴ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ബുധനാഴ‌്ച രാത്രി പതിനൊന്നോടെയാണ‌് സംഭവം. വീട്ടിലേക്കു വരികയായിരുന്ന സച്ചിനെ തടഞ്ഞു നിർത്തി ആക്രമിക്കുകയായിരുന്നു. തലക്കും കൈയ‌്ക്കും ഇരുമ്പ‌് കമ്പികൊണ്ട‌് അടിച്ചു.
ആർഎസ‌്എസ‌് പ്രവർത്തകൻ ആകാശിന്റെ നേതൃത്വത്തിലാണ‌് ആക്രമണം നടന്നതെന്ന് അക്രമത്തിനിരയായ സച്ചിൻ പറഞ്ഞു. പ്രദേശത്ത‌് കുറച്ചുനാളായി ലഹരി മാഫിയ സജീവമാണ‌്. ഇതിനെതിരെ ഡിവൈഎഫ‌്ഐ പ്രചാരണം നടത്തിയിരുന്നു. ഇതാണ് അക്രമത്തിന് കാരണമെന്ന് പറയപ്പെടുന്നു.ആക്രമിക്കുന്നതിന് മുൻപ് 30 മിനിറ്റോളം സ്ഥലത്ത് ലഹരിമരുന്ന് മാഫിയയുടെ നേതൃത്വത്തിൽ പലരേയും വെല്ലുവിളിച്ചതായും നാട്ടുകാർ പറയുന്നു. സംഭവത്തിൽ പൊലീസ് കേസ് എടുക്കാൻ തയ്യാറായിട്ടില്ലെന്നും അക്രമിക്കപ്പെട്ടവർ ആരോപിക്കുന്നു.