ആലപ്പുഴ : ലോക എയ്‌ഡ്‌സ് ദിനത്തോടനുബന്ധിച്ച് 'കരുതാം ആലപ്പുഴയെ ' ക്യാമ്പയിനിന്‍റെ ഭാഗമായി ജില്ലാഭരണകൂടം ബോധവത്കരണ പരിപാടികൾ സംഘടിപ്പിക്കും. കൊവിഡിനെതിരെയുള്ള പൊതുജനങ്ങളുടെ സാമൂഹിക അകലമടക്കമുള്ള പ്രതിരോധ നടപടികളിൽ കുറയുന്നുവോ എന്നൊരു ആശങ്കയുള്ള സാഹചര്യത്തിലാണ് എയ്ഡ്‌സ് ദിനത്തിൽ ജില്ലാഭരണകൂടം ക്യാമ്പയിൻ ആവിഷ്കരിക്കുവാൻ തീരുമാനിച്ചതെന്ന് ജില്ലാ കലക്ടർ എ അലക്സാണ്ടർ പറഞ്ഞു.
പകർച്ചവ്യാധികളെകുറിച്ചുള്ള ബോധവൽക്കരണമാണ് പരിപാടികളിലൂടെ ഉദ്ദേശിക്കുന്നത്.വിദ്യാർഥികളും അധ്യാപകരും ജീവനക്കാരും പൊതുജനങ്ങളും ഓൺലൈൻ വഴി പരിപാടിയിൽ പങ്കെടുക്കും. സർക്കാർ ജീവനക്കാർ, തൊഴിലാളികൾ, മണി വ്യവസായസ്ഥാപനങ്ങൾ തുടങ്ങിയവരും പ്രതിജ്ഞ ചൊല്ലുന്നതിൽ പങ്കാളികളാവും. വൈകുന്നേരം 6.30 ന് വിദ്യാർഥികൾ, വാണിജ്യ വ്യവസായ സ്ഥാപനങ്ങൾ തുടങ്ങി വിവിധ മേഖലകളിലെ ആളുകൾ അവരവരുടെ വീടുകളിൽ മെഴുകുതിരി ദീപം കൊളുത്തി ഈ ക്യാമ്പയിന്‍റെ ഭാഗമാകും. വയോജനങ്ങളെയും കുട്ടികളെയും പകർച്ച വ്യാധികളിൽ നിന്ന് അകറ്റി നിർത്താനുള്ള നടപടികളും ഇതിന്‍റെ ഭാഗമായി ശക്തിപ്പെടുത്തുന്നുണ്ട്.
ജില്ലയിലെ വയോജനങ്ങളുടെ ക്ഷേമം ഉറപ്പാക്കുന്നതിനായി വയോജന കോൾ സെന്‍ററിൽ നിന്നും ഓരോരുത്തരെയും വിളിച്ച് നേരിട്ട് അന്വേഷിക്കുന്ന നടപടികൾ തുടർന്നുകൊണ്ടിരിക്കുകയാണ്. ക്യാമ്പയിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ, ' കരുതാം ആലപ്പുഴയെ' യുടെ ഫേസ്ബുക്ക് പേജിൽ ലഭ്യമാണ്.