സ്റ്റോക്ഹോം: ജാവലിന്‍ ത്രോയില്‍ സ്വന്തം ദേശീയ റെക്കോഡ് വീണ്ടും തിരുത്തിയെഴുതി ഇന്ത്യയുടെ ഒളിമ്പിക് മെഡല്‍ ജേതാവ് നീരജ് ചോപ്ര. സ്വീഡനിലെ സ്റ്റോക്ക്‌ഹോമിൽ നടന്ന ഡയമണ്ട് ലീഗില്‍ 89.94 മീറ്ററിലേയ്‌ക്കാണ് നീരജ് ജാവലിൻ പായിച്ചത്. പ്രകടനത്തോടെ വെള്ളിമെഡല്‍ നേടാനും ചോപ്രയ്‌ക്കായി.
ഇതോടെ ജൂണ്‍ 14ന് പാവോ നൂര്‍മി ഗെയിംസില്‍ കുറിച്ച 89.30 മീറ്റര്‍ ദൂരമാണ് തിരുത്തപ്പെട്ടത്. സ്റ്റോക്ക്‌ഹോമിൽ തന്‍റെ ആദ്യ ശ്രമത്തിൽ തന്നെ 90 മീറ്ററിനടുത്തേക്ക് ജാവലിൻ പായിക്കാന്‍ നീരജിനായി. എന്നാല്‍ തുടര്‍ന്നുള്ള ശ്രമങ്ങളില്‍ പ്രകടനം മെച്ചപ്പെടുത്താന്‍ താരത്തിന് കഴിഞ്ഞില്ല.
90.31 മീറ്റർ എറിഞ്ഞ് നിലവിലെ ലോക ചാമ്പ്യൻ ആൻഡേഴ്‌സൺ പീറ്റേഴ്‌സാണ് സ്വര്‍ണം നേടിയത്. തന്‍റെ മൂന്നാം ശ്രമത്തിൽ ഗ്രാനഡ താരം 90 മീറ്റർ ഭേദിക്കുന്നതുവരെ ചോപ്രയുടെ ത്രോ ടൂർണമെന്‍റിലെ റെക്കോഡ് കൂടിയായിരുന്നു. 89.08 മീറ്റർ എറിഞ്ഞ ജർമനിയുടെ ജൂലിയൻ വെബർ വെങ്കലം നേടി.