ദോഹ : ഖത്തര്‍ ലോകകപ്പിന്‍റെ ആരവങ്ങള്‍ കെട്ടടങ്ങും മുമ്പ് ഫുട്‌ബോള്‍ ആരാധകര്‍ക്കൊരു സന്തോഷ വാര്‍ത്ത. സൂപ്പര്‍ താരങ്ങളായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ലയണല്‍ മെസിയും ഏറ്റുമുട്ടിയേക്കും. ഖത്തർ രാജകുടുംബത്തിന്‍റെ ഉടമസ്ഥതയിലുള്ള ഫ്രഞ്ച് ക്ലബ് പിഎസ്‌ജിയും സൗദി ലീഗിലെ രണ്ട് ക്ലബ്ബുകളില്‍ നിന്നുള്ള കളിക്കാരെ ഉള്‍പ്പെടുത്തിയ ടീമും തമ്മില്‍ സൗഹൃദ മത്സരം നടക്കുമെന്നാണ് റിപ്പോര്‍ട്ട്.
മെസി പിഎസ്‌ജിക്കായി ബൂട്ട് കെട്ടുമ്പോള്‍ സൗദിയിലെ പ്രമുഖ ക്ലബ്ബുകളായ അല്‍ നസ്‌റിന്‍റെയും അല്‍ ഹിലാലിന്‍റെയും മുന്‍ നിര താരങ്ങളടങ്ങിയ ടീം ക്രിസ്റ്റ്യാനോയ്‌ക്ക് കീഴിലാവും ഇറങ്ങുക. റിയാദില്‍ ഈ മാസം 19 നാണ് കളി നടക്കുകയെന്നാണ് റിപ്പോര്‍ട്ട്.
ലോകകപ്പിന്‍റെ ഇടവേളയ്‌ക്ക് ശേഷം മെസി വൈകാതെ തന്നെ പിഎസ്‌ജിക്കൊപ്പം ചേരും. ഖത്തറില്‍ മെസിക്ക് കീഴിലിറങ്ങിയ അര്‍ജന്‍റീന കിരീടമുയര്‍ത്തിയാണ് തിരികെ പറന്നത്. ലുസൈല്‍ സ്റ്റേഡിയത്തില്‍ നടന്ന ഫൈനലില്‍ 2018ലെ ചാമ്പ്യന്മാരായ ഫ്രാന്‍സിനെ പെനാല്‍റ്റി ഷൂട്ടൗട്ടിലാണ് അര്‍ജന്‍റീന മറികടന്നത്.
ഇതോടെ ടൂര്‍ണമെന്‍റില്‍ വീണ്ടുമൊരു കിരീടത്തിനായുള്ള രാജ്യത്തിന്‍റെ 36 വര്‍ഷത്തെ കാത്തിരിപ്പാണ് അവസാനിച്ചത്. ഗോളടിച്ചും അടിപ്പിച്ചും തിളങ്ങിയ മെസി ലോകകപ്പിലെ താരമായും തെരഞ്ഞെടുക്കപ്പെട്ടു.
Also read: ലാ ലിഗയിലും വിവാദ റഫറിയുടെ കാര്‍ഡ് വിതരണം; എസ്‌പാന്യോളിനെതിരെ ബാഴ്‌സയ്ക്ക് സമനിലക്കുരുക്ക്
അതേസയം മാഞ്ചസ്റ്റര്‍ യുണൈറ്റഡ് വിട്ട ക്രിസ്റ്റ്യാനോയുമായി കരാറിലൊപ്പിട്ട വിവരം കഴിഞ്ഞ ദിവസമാണ് അൽ നസ്ർ പ്രഖ്യാപിച്ചത്. പ്രതിവര്‍ഷം 75 ദശലക്ഷം ഡോളറിനാണ് 37കാരന്‍ സൗദി ക്ലബ്ബില്‍ ചേര്‍ന്നത്. 2025ല്‍ അവസാനിക്കുന്ന രണ്ടര വര്‍ഷത്തേക്കാണ് കരാര്‍.