മാഡ്രിഡ്: സ്‌പാനിഷ് ലാലിഗയില്‍ ബാഴ്‌സലോണയ്‌ക്ക് ആദ്യ ജയം. ലീഗില്‍ തങ്ങളുടെ രണ്ടാം മത്സരത്തില്‍ റയൽ സോസിഡാഡിനെയാണ് ബാഴ്‌സലോണ തോല്‍പ്പിച്ചത്. ഒന്നിനെതിരെ നാല് ഗോളുകള്‍ക്കാണ് ബാഴ്‌സലോണയുടെ വിജയം.
റോബര്‍ട്ട് ലെവന്‍ഡോവ്‌സ്‌കി ഇരട്ടഗോൾ നേടിയപ്പോള്‍ ഓസ്‌മാനെ ഡെംബെലെ, അൻസു ഫാറ്റി എന്നിവരാണ് ബാഴ്‌സയ്‌ക്കായി ലക്ഷ്യം കണ്ട മറ്റ് താരങ്ങള്‍. അലക്‌സാണ്ടർ ഇസാക്കാണ് സോസിഡാഡിന്‍റെ ആശ്വാസ ഗോള്‍ നേടിയത്. മത്സരത്തിന്‍റെ ഒന്നാം മിനിട്ടില്‍ തന്നെ ലെവൻഡോവ്സ്‌കി ബാഴ്‌സയെ മുന്നിലെത്തിച്ചു.
ആറാം മിനിട്ടില്‍ ഇസാക്ക് ഗോള്‍ നേടിയതോടെ ആദ്യ പകുതി സമനിലയില്‍ അവസാനിപ്പിക്കാന്‍ സോസിഡാഡിനായി. എന്നാല്‍ രണ്ടാം പകുതിയില്‍ മൂന്ന് ഗോൾ നേടിയ ബാഴ്‌സ മത്സരം പിടിച്ചു. 66ാം മിനിട്ടില്‍ ഡെംബെലെയാണ് ബാഴ്‌സയെ മുന്നിലെത്തിച്ചത്.
തുടര്‍ന്ന് 68ാം മിനിട്ടില്‍ ലെവൻഡോവ്സ്‌കിയും 79ാം മിനിട്ടില്‍ ഫാറ്റിയും വലകുലുക്കിയതോടെ സംഘത്തിന്‍റെ ഗോള്‍ പട്ടിക തികഞ്ഞു. ആദ്യ മത്സരത്തില്‍ റയോ വല്ലക്കാനോ ബാഴ്‌സയെ ഗോള്‍ രഹിത സമനിലയില്‍ കുരുക്കിയിരുന്നു. നിലവിലെ പോയിന്‍റ് പട്ടികയില്‍ അഞ്ചാം സ്ഥാനത്താണ് ബാഴ്‌സ.
അത്‌ലറ്റിക്കോയ്‌ക്ക് തോല്‍വി: മറ്റൊരു പ്രധാന മത്സരത്തില്‍ അത്‌ലറ്റിക്കോ മാഡ്രിഡ് വിയ്യാ റയലിനോട് തോല്‍വി വഴങ്ങി. ഏകപക്ഷീയമായ രണ്ട് ഗോളുകള്‍ക്കാണ് അത്‌ലറ്റിക്കോ തോറ്റത്. വിയ്യാ റയലിനായി യെറെമി പിനോ, ജെറാര്‍ഡ് മൊറേനോ എന്നിവരാണ് വലകുലുക്കിയത്. മത്സരത്തിന്‍റെ ഇൻജറി ടൈമിൽ മൊലീനയ്‌ക്ക് ചുവപ്പ് കാര്‍ഡ് ലഭിച്ചത് അത്‌ലറ്റിക്കോയ്‌ക്ക് തിരിച്ചടിയായി.
also read: Premier League: ആറ് ഗോള്‍ ത്രില്ലര്‍; സിറ്റിയെ സമനിലയില്‍ കുരുക്കി ന്യൂകാസില്‍