ബെംഗളൂരു: 100 മീറ്റർ ഹർഡിൽസിൽ നിയമപരമായ സബ്-13 സെക്കന്‍റ് സമയം നേടുന്ന ആദ്യ ഇന്ത്യൻ താരമായി ജ്യോതി യർരാജി. ദേശീയ ഓപ്പണ്‍ അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിൽ തിങ്കളാഴ്‌ച(ഒക്‌ടോബര്‍ 17) നടന്ന മത്സരത്തിലാണ് താരം നേട്ടം സ്വന്തമാക്കിയത്. മത്സരത്തിൽ സ്വന്തം റെക്കോഡ് തിരുത്തിക്കുറിച്ച ജ്യോതി സ്വർണവും സ്വന്തമാക്കിയിരുന്നു.
റെയിൽവേയെ പ്രതിനിധീകരിക്കുന്ന 23 കാരിയായ താരം 12.82 സെക്കൻഡിലാണ് വിജയത്തിലേക്ക് കുതിച്ചത്. മേയിൽ സ്ഥാപിച്ച 13.04 സെക്കൻഡാണ് ജ്യോതിയുടെ നേരത്തെയുള്ള ദേശീയ റെക്കോഡ്. ഏഴ് പേർ മത്സരിച്ച ഫൈനലിൽ മറ്റ് താരങ്ങളെ ബഹുദൂരം പിന്നിലാക്കി അനായാസമായാണ് ജ്യോതി വിജയം പിടിച്ചെടുത്തത്.
ഈ വർഷം ഇത് മൂന്നാം തവണയാണ് ജ്യോതി ദേശീയ റെക്കോഡ് തിരുത്തിക്കുറിക്കുന്നത്. അനുരാധ ബിസ്വാൾ 2002ൽ സ്ഥാപിച്ച ദേശീയ റെക്കോഡായ 13.38 ഈ കഴിഞ്ഞ മേയിൽ ലോഫ്‌ബറോ സർവകലാശാലയിൽ 13.11 ഫിനിഷ് ചെയ്‌ത് ജ്യോതി തകർത്തിരുന്നു. നാല് ദിവസത്തിന് ശേഷം നെതർലൻഡ്‌സിലെ വുഗിൽ 13.04 സെക്കന്‍റിൽ ഫിനിഷ് ചെയ്‌ത് സ്വന്തം റെക്കോഡും ജ്യോതി തിരുത്തിക്കുറിച്ചിരുന്നു.