ഒസ്‌ലോ: നോര്‍വെ ചെസ് ഓപ്പണ്‍ കിരീടം ഇന്ത്യയുടെ യുവ ഗ്രാന്‍ഡ് മാസ്റ്റര്‍ ആര്‍ പ്രജ്ഞാനന്ദയ്‌ക്ക്. ഗ്രൂപ്പ് എ വിഭാഗത്തിലാണ് 16-കാരന്‍റെ കിരീട നേട്ടം. ഒമ്പത് റൗണ്ടുകളില്‍ നിന്നായി 7.5 പോയിന്‍റ് നേടിയാണ് ടോപ് സീഡായ പ്രജ്ഞാനന്ദ കിരീടം നേടിയത്.
ഒമ്പത് റൗണ്ടില്‍ ഒരു തോല്‍വി പോലും നേരിടാതെ അപരാജിത മുന്നേറ്റമാണ് താരം നടത്തിയത്. നോര്‍വെയില്‍ പ്രജ്ഞാനന്ദ കിരീടം നേടിയപ്പോള്‍ ഇസ്രയേലിന്‍റെ മാര്‍സല്‍ എഫ്രോയിംസ്‌കി രണ്ടാമതും, സ്വീഡന്‍റെ ഇം യങ് മിന്‍ സിയോ മൂന്നാമതും എത്തി. മറ്റൊരു ഇന്ത്യന്‍ താരമായ പ്രണീത് ആറ് പോയിന്‍റുമായി ആറാം സ്ഥാനത്ത് എത്തി.
അവസാന റൗണ്ടില്‍ പ്രണീതിനെ തകര്‍ത്താണ് പ്രജ്ഞാനന്ദ കിരീടം നേടിയത്. ആറ് വിജയവും മൂന്ന് സമനിലയുമാണ് പ്രജ്ഞാനന്ദ ടൂര്‍ണമെന്‍റില്‍ നിന്ന് നേടിയത്. പ്രണീതിനെ തോൽപ്പിച്ചതിന് പുറമെ വിക്‌ടർ മിഖാലോവ്‌സ്‌കി, വിറ്റാലി കുനിൻ, മുഖമ്മദ്‌സോഖിദ് സുയറോവ്, സെമൻ മുറ്റുസോവ്, മത്യാസ് ഉന്നെലാൻഡ് എന്നിവരും പ്രജ്ഞാനന്ദയ്‌ക്ക് മുന്നിൽ അടിയറവ് പറഞ്ഞു.
ലോക ചാമ്പ്യന്‍ മാഗ്നസ് കാള്‍സനെ രണ്ട് തവണ പരാജയപ്പെടുത്തി സമീപ കാലത്ത് വാര്‍ത്തകളില്‍ ഇടംപിടിച്ച താരമാണ് 16-കാരനായ പ്രജ്ഞാനന്ദ. നോര്‍വെയിലെ കിരീടത്തോടെ അടുത്ത മാസം ചെന്നൈയിൽ വച്ച് നടക്കുന്ന ചെസ് ഒളിമ്പ്യാഡില്‍ പങ്കെടുക്കാന്‍ പ്രജ്ഞാനന്ദ യോഗ്യത നേടി. ഇന്ത്യ ടീം ബിയിലാണ് താരം ഉള്‍പ്പെട്ടിരിക്കുന്നത്.
വിജയത്തിന് ശേഷം പ്രജ്ഞാനന്ദയുടെ പരിശീലകൻ ആർ ബി രമേഷ് അദ്ദേഹത്തെ അഭിനന്ദിക്കുകയും ജയം താരത്തിന്‍റെ ആത്മവിശ്വാസം വർധിപ്പിക്കാൻ സഹായിക്കുമെന്നും പറഞ്ഞു. 'കിരീടം നേടിയതിന് അവന് അഭിനന്ദനങ്ങൾ. അവൻ ടോപ്പ് സീഡായിരുന്നു, അതിനാൽ ടൂർണമെന്‍റ് വിജയിച്ചതിൽ അതിശയിക്കാനില്ല.
അവൻ നന്നായി കളിച്ചു, കറുത്ത കരുക്കൾ ഉപയോഗിച്ച് കളിച്ച മൂന്ന് മത്സരങ്ങൾ അവൻ സമനിലയിൽ പിടിക്കുകയും, ശേഷിക്കുന്ന ആറ് മത്സരങ്ങളിൽ ജയം നേടുകയും ചെയ്‌തു. ജയം അവന് വരും മത്സരങ്ങളിൽ ആത്മവിശ്വാസം വർധിപ്പിക്കാൻ സഹായിക്കുമെന്നും' രമേശ് പറഞ്ഞു.