ബെൽഗ്രേഡ് : കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കാത്തതിനാൽ ലോക ഒന്നാം നമ്പർ ടെന്നിസ് താരം നൊവാക് ജോക്കോവിച്ചിന് വിസ നിഷേധിച്ച ഓസ്ട്രേലിയൻ നടപടിയിൽ പ്രതിഷേധിച്ച് സെർബിയയിലെ ബെൽഗ്രേഡ് ഡൗൺടൗണിൽ താരത്തിന്‍റെ നൂറ് കണക്കിന് അനുയായികൾ അണിനിരന്ന് പ്രതിഷേധ റാലി. ജോക്കോവിച്ചിന്‍റെ പിതാവ് സ്രഡ്‌ജനും സഹോദരൻ ജോർജെയുമാണ് റാലിക്ക് നേതൃത്വം നൽകിയത്.
തന്‍റെ മകനെ അപമാനിക്കാനും മുട്ടുകുത്തിക്കാനുമാണ് ഓസ്ട്രേലിയൻ സർക്കാൻ ശ്രമിക്കുന്നതെന്ന് ജോക്കോവിച്ചിന്‍റെ പിതാവ് സ്രഡ്‌ജൻ ആരോപിച്ചു. 'അവർ നൊവാക്കിനെ മുട്ടുകുത്തിച്ചാൽ നമ്മളെയെല്ലാം മുട്ടുകുത്തിച്ചതിന് തുല്യമാണ്', സ്രഡ്‌ജൻ പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് ഓസ്ട്രേലിയൻ ഓപ്പണിൽ പങ്കെടുക്കാൻ ജോക്കോവിച്ച് മെൽബണില്‍ എത്തിയത്. എന്നാൽ വാക്‌സിൻ എടുക്കാത്തതിനാൽ താരത്തെ അധികൃതർ വിമാനത്താവളത്തിൽ തടയുകയായിരുന്നു. കൊവിഡ് വാക്‌സിൻ എടുത്തവരെ മാത്രമേ ടൂർണമെന്‍റിൽ പങ്കെടുപ്പിക്കുകയുള്ളൂ എന്ന ചട്ടം നിലനിൽക്കുന്നതാണ് താരത്തിന് തിരിച്ചടിയായത്.
പിന്നാലെ ഓസ്ട്രേലിയയുടെ നടപടിയിൽ പ്രതിഷേധിച്ച് താരം കോടതിയെ സമീപിച്ചിരുന്നു. അന്തിമ വിധി വരുന്നതുവരെ താരത്തെ തിരിച്ചയക്കരുതെന്നാണ് ജഡ്‌ജിയുടെ ഉത്തരവ്. താരത്തെ നാട്ടിലേക്ക് തിരിച്ചയക്കുന്ന നടപടി വൈകിപ്പിക്കാമെന്ന് അധികൃതര്‍ അറിയിച്ചതായി ജോക്കോയുടെ അഭിഭാഷകൻ വ്യക്തമാക്കി.