ലൊസാനെ: ഇന്ത്യന്‍ ജിംനാസ്റ്റിക്ക് താരം ദിപ കർമാക്കറിന് സസ്പെൻഷന്‍. ഉത്തേജക മരുന്ന് പരിശോധനയില്‍ പരാജയപ്പെട്ടതോടെ 21 മാസത്തേക്കാണ് താരത്തെ സസ്പെൻഡ് ചെയ്തത്. അന്താരാഷ്ട്ര ടെസ്റ്റിങ് ഏജൻസി ഇക്കാര്യ സ്ഥിരീകരിച്ചിട്ടുണ്ട്.
താരത്തിന്‍റെ സാമ്പിളില്‍ ലോക ഉത്തേജക വിരുദ്ധ ഏജന്‍സി നിരോധിത പട്ടികയില്‍ ഉള്‍പ്പെടുത്തിയ ഹിജെനാമിന്‍റെ അംശം കണ്ടെത്തിയതാണ് നടപടിക്ക് കാരണം. 2021 ഒക്ടോബര്‍ 11നാണ് സാമ്പിള്‍ പരിശോധനയ്‌ക്കായി ശേഖരിച്ചത്. ഈ സമയം മുതലാണ് വിലക്ക് ആരംഭിക്കുന്നത്.
ഇതോടെ 2023 ജൂലൈ 10 വരെയാണ് സസ്പെൻഷന്‍ കാലാവധി. സാമ്പിള്‍ ശേഖരിച്ചത് മുതല്‍ ദിപ പങ്കെടുത്ത എല്ലാ മത്സരങ്ങളുടേയും ഫലം റദ്ദാക്കപ്പെടും. ഇന്ത്യയിൽ നിന്ന് ഒളിമ്പിക്‌സിൽ പങ്കെടുത്ത ആദ്യ ജിംനാസ്റ്റിക് താരമാണ് ദിപ കർമാക്കര്‍.
2016ലെ റിയോ ഒളിമ്പിക്‌സില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച താരം നാലാം സ്ഥാനത്തെത്തി ചരിത്രമെഴുതിയിരുന്നു. തുടര്‍ന്ന് പരിക്കുകള്‍ തിരിച്ചടിയായതോടെ ഈ മികവ് ആവര്‍ത്തിക്കാനായില്ല. 2014ൽ ഗ്ലാസ്‌ഗോയിൽ നടന്ന കോമൺവെൽത്ത് ഗെയിംസിൽ വെങ്കലം നേടാനും ദിപയ്‌ക്ക് കഴിഞ്ഞു.
ഇതോടെ ഗെയിംസിന്‍റെ ചരിത്രത്തിൽ ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യൻ വനിതയായും താരം മാറി. ഏഷ്യൻ ജിംനാസ്റ്റിക്സ് ചാമ്പ്യൻഷിപ്പിൽ വെങ്കലം നേടിയ ദിപ 2015ലെ ലോക ആർട്ടിസ്റ്റിക് ജിംനാസ്റ്റിക്സ് ചാമ്പ്യൻഷിപ്പിൽ അഞ്ചാമതായി ഫിനിഷ് ചെയ്തിരുന്നു. ഇരു ടൂര്‍ണമെന്‍റുകളിലും ഒരു ഇന്ത്യന്‍ ജിംനാസ്റ്റിന്‍റെ മികച്ച പ്രകടനമാണിത്.