കാലിഫോര്‍ണിയ : യുഎസിലെ സാൻ ജുവാൻ കാപിസ്‌ട്രാനോയിൽ നടന്ന സൗണ്ട് റണ്ണിങ് ട്രാക്ക് മീറ്റിൽ ചരിത്രം സൃഷ്ടിച്ച് ഇന്ത്യൻ ട്രാക്ക് ആൻഡ് ഫീൽഡ് അത്‌ലറ്റ് അവിനാഷ് സാബിൾ. 5000 മീറ്ററില്‍ 30 വര്‍ഷം പഴക്കമുള്ള ദേശീയ റെക്കോർഡാണ് അവിനാഷ് സാബിൾ തകർത്തത്. 13:25.65 എന്ന സമയത്തിലാണ് മഹാരാഷ്‌ട്രക്കാരനായ 27കാരന്‍ മത്സരം പൂര്‍ത്തിയാക്കിയത്.
ഇതോടെ 1992ല്‍ ബഹദൂർ പ്രസാദ് തീര്‍ത്ത 13:29.70 എന്ന സമയം പഴങ്കഥയായി. 1500 മീറ്ററിലെ ഒളിമ്പിക് ചാമ്പ്യന്‍ ജേക്കബ് ഇംഗെബ്രിഗ്‌ട്‌സണ്‍ ഒന്നാമതെത്തിയ മത്സരത്തില്‍ 12ാം സ്ഥാനമാണ് അവിനാഷിനുള്ളത്. വിദേശത്ത് തന്‍റെ രണ്ടാമത്തെ മത്സരത്തിനിറങ്ങുന്ന ഒരാളെ സംബന്ധിച്ച ശ്രദ്ധേയമായ പ്രകടനമാണിത്.
also read: 10 വിക്കറ്റ് നേട്ടത്തിൽ അജാസ് ധരിച്ച ജഴ്‌സി ലേലത്തിന് ; തുക ചിൽഡ്രൻസ് ഹോസ്പിറ്റലിന്
മുമ്പ് കോഴിക്കോട് നടന്ന ഫെഡറേഷൻ കപ്പിൽ 5000 മീറ്റർ 13.39.43 എന്ന സമയത്തില്‍ പൂര്‍ത്തിയാക്കാന്‍ താരത്തിനായിരുന്നു. പുതിയ നേട്ടത്തോടെ നിലവിൽ മൂന്ന് വ്യത്യസ്ത ഇനങ്ങളിൽ ദേശീയ റെക്കോർഡ് നേടിയ ഏക ഇന്ത്യക്കാരനെന്ന നേട്ടവും അവിനാഷ് സ്വന്തമാക്കി. 5000 മീറ്ററിൽ ദേശീയ റെക്കോർഡിന് പുറമെ, ഹാഫ് മാരത്തണിലും, പുരുഷന്മാരുടെ 3000 മീറ്റർ സ്റ്റീപ്പിൾചേസിലും സാബിളിന് ദേശീയ റെക്കോർഡുണ്ട്.