ദോഹ: ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിന്‍റെ യോഗ്യത റൗണ്ടില്‍ സ്വന്തം പേരിലുള്ള ദേശീയ റെക്കോഡ് തിരുത്തി ജാവലിൻ താരം അന്നു റാണി. ആദ്യ റൗണ്ടില്‍ 57.05 മീറ്റർ ജാവലിനെറിഞ്ഞ അന്നു രണ്ടാം റൗണ്ടില്‍ 62.43 മീറ്റർ എറിഞ്ഞാണ് സ്വന്തം റെക്കോഡ് തിരുത്തിയത്. ഈ വർഷം നടന്ന ഫെഡറേഷൻ കപ്പിലാണ് അന്നു റാണി ദേശീയ റെക്കോഡ് സ്വന്തമാക്കിയത്. 62.34 മീറ്ററാണ് ഇന്ത്യൻ താരം എറിഞ്ഞത്.
ലോക ചാമ്പ്യൻഷിപ്പിന്‍റെ ഫൈനല്‍ റൗണ്ടില്‍ 60.50 മീറ്റർ ജാവലിൻ എറിഞ്ഞ അന്നു ഗ്രൂപ്പില്‍ മൂന്നാമതായാണ് മത്സരം അവസാനിപ്പിച്ചത്. 63.48 മീറ്റർ എറിഞ്ഞ ചൈനീസ് താരം ലിയു ഷിയിങാണ് ഗ്രൂപ്പില്‍ ഒന്നാമതെത്തിയത്. 62.87 മീറ്റർ എറിഞ്ഞ സ്ലോവേനിയൻ താരം റാറ്റേജ് മാർട്ടിനയാണ് രണ്ടാം സ്ഥാനത്ത്. ഫൈനല്‍ റൗണ്ടിലെത്തുമോ എന്ന് അറിയാൻ ഗ്രൂപ്പ് ബിയിലെ യോഗ്യത മത്സരങ്ങൾ അവസാനിക്കുന്നത് വരെ അന്നു കാത്തിരിക്കണം. ഫൈനലിലെത്തിയാല്‍ ലോക ചാമ്പ്യൻഷിപ്പിന്‍റെ അവസാന റൗണ്ടിലെത്തുന്ന ആദ്യ ഇന്ത്യക്കാരിയാകും അന്നു റാണി. നാളെയാണ് ഫൈനല്‍ റൗണ്ട് മത്സരങ്ങൾ.